പയ്യന്നൂരിൽ ബി.ആർ.സി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു
പയ്യന്നൂർ: പയ്യന്നൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസ് കോമ്പൗണ്ടിലുള്ള ബി.ആർ.സി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു. എസ്.എസ്.കെ ഓഫീസും ഓട്ടിസം സെന്ററും പ്രവൃത്തിക്കുന്ന കെട്ടിടത്തിന് മുകളിലെ കോൺഫറൻസ് ഹാളിന്റെ മേൽക്കൂരയാണ് വ്യാഴാഴ്ച ഉച്ചയോടെ ശക്തമായ കാറ്റിലും മഴയിലും തകർന്നത്. ഇന്ന് ഇവിടെ അദ്ധ്യാപക പരിശീലനം നടക്കാനിരിക്കെയാണ് അപകടം.
നിലവിൽ മേൽക്കൂരയുടെ ഷീറ്റുകളിൽ പലതുമാണ് കാറ്റിൽ ഇളകി വിണത്. ബാക്കിയുള്ള ഷീറ്റുകൾ ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. പ്രഥമാദ്ധ്യാപക യോഗങ്ങളും മറ്റ് വിദ്യാഭ്യാസ തല പരിശീലനങ്ങളും നടക്കുന്ന പ്രധാന ഹാളാണിത്. ഇതിന്റെ താഴെ നിലയിലാണ് ഭിന്നശേഷി കുട്ടികൾക്കായുള്ള സെന്ററും ഗവ.ബോയ്സ് ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ സൈക്കിൾ പാർക്കിംഗ് കേന്ദ്രവുമുള്ളത്.
12 വർഷം മുമ്പാണ് കെട്ടിടത്തിന്റെ മുകൾ നിലയിൽ ഷീറ്റ് വിരിച്ച് കോൺഫറൻസ് ഹാൾ ഒരുക്കിയത്. ഈ വർഷം പയ്യന്നൂർ നഗരസഭ അഞ്ചുലക്ഷം രൂപ വിനിയോഗിച്ച് സീലിംഗ് ഒരുക്കിയിരുന്നു. അതേസമയം, ഇന്നലെ ജില്ലയിൽ കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നതിനാൽ ദുരന്തം ഒഴിവായി. ദിവസങ്ങൾക്ക് മുൻപേ മേൽക്കൂരയുടെ ഷീറ്റുകളിൽ പലതും ഇളകിയത് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിയുണ്ട്.