പിണറായി ഭരണത്തിന്റെ നാളുകൾ എണ്ണപ്പെട്ടു: കെ.സി.വേണുഗോപാൽ

Saturday 19 July 2025 12:48 AM IST

തിരുവനന്തപുരം: ആലപ്പുഴ നൂറനാട്ട് നാലംഗ കുടുംബത്തെ പെരുവഴിയിലിറക്കിവിട്ട സി.പി.എം നടപടിയെയും, കണ്ണൂർ പയ്യാമ്പലത്തെ കുട്ടികളുടെ പാർക്കിന്റെയും കടലോര നടപ്പാതയുടെയും ഉമ്മൻചാണ്ടിയുടെ പേരിലുള്ള ശിലാഫലകം നീക്കം ചെയ്ത നടപടിയെയും രൂക്ഷമായി വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.കുടിയൊഴിപ്പിക്കാൻ വെമ്പുന്ന പിണറായി ഭരണകൂടത്തിന്റെ നാളുകൾ എണ്ണപ്പെട്ടെന്നും അദ്ദേഹം കുറിച്ചു.

നൂറനാട് അമ്മയെയും പെൺമക്കളെയും വീട്ടിൽ നിന്നിറക്കി വിട്ട സി.പി.എം ലോക്കൽ സെക്രട്ടറിയുടെ നടപടി ഏകാധിപത്യത്തിന്റെ ഇരുണ്ട കാലത്തെ ഓർമപ്പെടുത്തലാണ്.. വികസന പദ്ധതികളും വ്യവസായങ്ങളും അടച്ചുപൂട്ടിക്കുന്ന മാനസികാവസ്ഥയിൽ നിന്ന് സി.പി.എം ഒട്ടും മുന്നോട്ട് സഞ്ചരിച്ചിട്ടില്ല. വെള്ളം കയറിയ വീട്ടിൽ നിന്നിറങ്ങി ബന്ധു വീട്ടിൽ താത്കാലിക അഭയം തേടാനെത്തിയ കുടുംബത്തിന് മുന്നിൽ അനീതിയുടെ ചെങ്കൊടി കുത്തി വയ്ക്കുന്ന രാഷ്ട്രീയമാണ് സി.പി.എമ്മിന്റേത്. സ്വന്തമായി കടുകുമണി വികസനം പോലും നടത്താൻ ശേഷിയില്ലാതെ പോയ എൽ.ഡി.എഫ് സർക്കാരിന്റെ ഗതികേടാണ് ഉമ്മൻചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റിയതിലൂടെ തെളിഞ്ഞത്. എത്ര കുടിയിറക്കിയാലും മായ്ചു കളഞ്ഞാലും, നീതിമാനായിരുന്ന ആ മനുഷ്യന്റെ പേര് കൊത്തി വച്ച ഫലകം കേരളത്തിലെ ലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയത്തിലാണെന്നും കുറിപ്പിൽ പറഞ്ഞു.