ഗവർണർ അനുവദിച്ചു,​ വി.സി മന്ത്രിയെ കണ്ടു

Saturday 19 July 2025 12:54 AM IST

തിരുവനന്തപുരം: മന്ത്രി ബിന്ദു ഇന്നലെ രണ്ടു തവണ ഫോണിൽ വിളിച്ച് കേരള വി.സിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. ഡൽഹിയിലായിരുന്ന ഗവർണറെ വി.സി ബന്ധപ്പെട്ട് അനുമതി നേടിയശേഷമാണ് ഔദ്യോഗികവസതിയിലെത്തി മന്ത്രിയെ കണ്ടത്.

സംഭവങ്ങളിൽ ഗവർണർക്ക് വേദനയുണ്ടെന്ന് വി.സി മന്ത്രിയെ അറിയിച്ചു. സസ്പെൻഷനിലായിട്ടും രജിസ്ട്രാർ ഓഫീസിലെത്തുന്നത് ഗവർണറോടുള്ള അനാദരവാണ്. ഗവർണർക്കോ വി.സിക്കോ സിൻഡിക്കേറ്റിനോ സസ്പെൻഷൻ പിൻവലിക്കാൻ അനിൽകുമാർ അപേക്ഷിച്ചിട്ടില്ല.

നേരത്തേ രജിസ്ട്രാറുടെ ചുമതലനൽകിയ ജോയിന്റ് രജിസ്ട്രാർ പി.ഹരികുമാറിന് വീണ്ടും രജിസ്ട്രാറുടെ ചുമതലനൽകാനുള്ള മന്ത്രിയുടെ നിർദ്ദേശംവി.സി അംഗീകരിച്ചില്ല. വി.സിയുടെ അനുമതിയോടെ ഡോ.അനിൽകുമാറിനെ രജിസ്ട്രാറായി തിരിച്ചെടുത്തതായി വ്യാജഉത്തരവിറക്കിയ ഹരികുമാറിനെതിരേ നടപടിയെടുക്കും.

വിദ്യാർത്ഥി ക്ഷേമമാവണം

വി.സിക്ക് പ്രധാനം: മന്ത്രി

വി.സിമാർ കാലത്തിനനുസരിച്ച് മാറണമെന്നും ഉന്നതവിദ്യാഭ്യാസ ഗുണമേന്മ നിലനിറുത്താൻ അവർക്ക് ഉത്തരവാദിത്വ മുണ്ടെന്നും മന്ത്രി ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുന്നേറ്റങ്ങളെ പിന്നോട്ടടിക്കാനുള്ള ശ്രമം അപലപനീയമാണ്. നിലവിലെ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കാതിരിക്കാനാണ് ശ്രമം. പ്രശ്നങ്ങളും ആർക്കാണ് തകരാറെന്നതും ജനത്തിന് മനസിലായിട്ടുണ്ട്. പഠനത്തിന് സമാധാനപരമായ അന്തരീക്ഷം ഉണ്ടാവണം. വിദ്യാർത്ഥികളുടെ ക്ഷേമം മുൻനിറുത്തിയുള്ള നടപടികളുണ്ടാവണം.