ഫേസ് ബുക്ക് പേജിനെതിരെ പരാതി നൽകി മന്ത്രി ബാലഗോപാൽ
കൊല്ലം: സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ 'കലയന്താനി കാഴ്ചകൾ' എന്ന ഫേസ് ബുക്ക് പേജിനെതിരെ ഡി.ജി.പിക്ക് പരാതി നൽകി.
ഹൃദ്രോഗത്തെ തുടർന്ന് ആൻജിയോ പ്ളാസ്റ്റി ചെയ്യുന്നതിനായി തിരുവനന്തപുരത്തെ മെഡി. ആശുപത്രിയിൽ മന്ത്രി ചികിത്സ തേടിയിരുന്നു. ചികിത്സയുടെ വിവരങ്ങൾ മറച്ചുവച്ച് ഒരു ദിവസത്തെ ചികിത്സയ്ക്കായി വലിയ തുക അനധികൃതമായി കൈപ്പറ്റിയെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുംവിധമാണ് ഫേസ് ബുക്ക് പേജിൽ പോസ്റ്റിട്ടത്. പോസ്റ്റിൽ പറയുന്ന വിവരങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു.
2024 മേയ് 12ന് ആണ് മന്ത്രി കെ.എൻ. ബാലഗോപാലിന് ദേഹാസ്വാസ്ഥ്യമുണ്ടായതും തിരുവനന്തപുരം മെഡി. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതും. തുടർ പരിശോധനകളിലൂടെ ബ്ളോക്കുകൾ ഉണ്ടെന്ന് ബോദ്ധ്യപ്പെട്ടു. മേയ് 14ന് പുലർച്ചെ ആൻജിയോ പ്ളാസ്റ്റി നടത്തി, സ്റ്റെന്റ് ഇട്ടു. മേയ് 17ന് ഡിസ്ചാർജ്ജ് ആയി. ഈ ചികിത്സയ്ക്കായി മെഡി. ആശുപത്രിയിൽ അടച്ച തുകയുടെ റീ ഇംബേഴ്സ്മെന്റിനെ സംബന്ധിച്ചാണ് ഫേസ് ബുക്ക് പേജിൽ വ്യാജ വിവരങ്ങൾ ചേർത്ത് പോസ്റ്റ് ചെയ്തത്.