വാഹന ഇൻഷ്വറൻസിന്റെ പേരിൽ തട്ടിപ്പെന്ന് പരാതി

Saturday 19 July 2025 12:57 AM IST

പത്തനംതിട്ട: വാഹന ഇൻഷ്വറൻസിന്റെ പേരിൽ തട്ടിപ്പ് നടത്തിയതായി പരാതി. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയുടെ 11800രൂപ നഷ്ടമായി. ഇടുക്കി കട്ടപ്പന ടൗണിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന യു.എൻ.ഇസഡ് ബിസിനസ് സൊലൂഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയതെന്ന് കൊല്ലം അഞ്ചാലുംമൂട് മംഗലത്ത് വീട്ടിൽ മനോജ് നൽകിയ പരാതിയിൽ പറയുന്നു. ഇയാളുടെ പിക്ക് അപ്പിന്റെ ഇൻഷ്വറൻസ് ഈ മാസം 27നാണ് അവസാനിക്കുന്നത്. കഴിഞ്ഞ 13ന് പോളിസി ഉടൻ തീരുമെന്നും ഡിസ്‌ക്കൗണ്ട് റേറ്റിൽ പോളിസി പുതുക്കാൻ അവസരമുണ്ടെന്നും ആര്യ എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതി അറിയിച്ചു. യാത്രയിലായിരുന്ന മനോജ് കുമാർ വീട്ടിൽ തിരികെയെത്തിയ ശേഷം പോളിസി പുതുക്കാമെന്ന് അറിയിച്ചു. എന്നാൽ അടുത്ത ദിവസവും വിളിച്ച് പരിമിതമായ ദിവസത്തേക്ക് മാത്രമാണ് ഈ അവസരമെന്ന് അറിയിച്ചു. 21000രൂപയുടെ പോളിസി 11800ന് നൽകാമെന്നായിരുന്നു വാഗ്ദാനം. അക്കൗണ്ട് വഴി 15ന് യൂണിയൻ ബാങ്കിന്റെ ചവറ ശാഖയിൽ നിന്ന് കമ്പനിയുടെ കട്ടപ്പനയിലുള്ള ബാങ്ക് ഒഫ് ബറോഡയുടെ ശാഖയിലേക്ക് പണം കൈമാറി. ഇതിനുശേഷം പലകാരണങ്ങൾ പറഞ്ഞ് പോളിസി നൽകാതെ യുവതി ഒഴിഞ്ഞുമാറി. ഒടുവിൽ ഫോണെടുക്കാതെ വന്നതോടെ മുമ്പ് പോളിസിയെടുത്ത കമ്പനിയുമായി മനോജ് ബന്ധപ്പെട്ടു. ഇവർ നേരത്തെ ഈ കമ്പനിയിൽ ജോലിചെയ്തിരുന്നതാണെന്നും ഇപ്പോൾ അവിടെയില്ലെന്നും ഇവർ അറിയിച്ചു. ഇതേ തുടർന്ന് ഇന്നലെ സൈബർ സെല്ലിലും ഇടുക്കി ഡിവൈ.എസ്.പിക്കും പരാതി നൽകി. പൊലീസ് അന്വേഷണം തുടങ്ങി.