പോക്സോ കേസ്: പാസ്റ്ററുടെ ഇരട്ട ജീവപര്യന്തം റദ്ദാക്കി
കൊച്ചി: പത്തു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ പാസ്റ്റർക്കെതിരെ തൊടുപുഴ പോക്‌സോ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി. പത്തനംതിട്ട തണ്ണിത്തോട് തോസലാടിയിൽ ടി.ടി. ഷിബുവിനെയാണ് ഹൈക്കോടതി വിട്ടയച്ചത്. പോക്‌സോ കോടതിയുടെ ഉത്തരവ് പ്രകാരമുള്ള പിഴ അടച്ചിട്ടുണ്ടെങ്കിൽ മടക്കി നൽകാനും ജസ്റ്റിസ് രാജ വിജയരാഘവൻ,ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ഷിബു സമർപ്പിച്ച അപ്പീലിലാണിത്. 2014 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ ഷിബു താമസിച്ചിരുന്ന വാടകവീട്ടിൽ വച്ച് ഒരു വർഷത്തിനിടെ പലവട്ടം പീഡനത്തിനിരയാക്കിയെന്നായിരുന്നു കേസ്. പ്രോസിക്യൂഷനു കേസ് സംശയാതീതമായി തെളിയിക്കാനായില്ല. പെൺകുട്ടിയുടെ മൊഴി വിശ്വാസത്തിലെടുക്കാനാകില്ലെന്നും കോടതി വിലയിരുത്തി. ഷിബു കേസ് സ്വയമാണു വാദിച്ചത്. വ്യാജ കേസാണെന്നും പെൺകുട്ടിയുടെ കുടുംബം തന്നോടുള്ള പകവീട്ടാനായി കുട്ടിയെ ഉപയോഗിക്കുകായിരുന്നുവെന്നാണ് വാദം.