ഇംപീച്ച്മെന്റ് നീക്കത്തിനിടെ സുപ്രീംകോടതിയെ സമീപിച്ച് ജ.യശ്വന്ത് വർമ്മ
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ ഇംപീച്ച്മെന്റ് ഭീഷണി നേരിടുന്ന ഡൽഹി ഹൈക്കോടതി മുൻ ജഡ്‌ജി യശ്വന്ത് വർമ്മ സുപ്രീംകോടതിയെ സമീപിച്ചു. തന്റെ പ്രതികരണത്തിന് ന്യായമായ അവസരം നൽകിയില്ലെന്നുൾപ്പെടെ സുപ്രീംകോടതിയെ അറിയിച്ചു.
തിങ്കളാഴ്ച തുടങ്ങുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിൽ ജഡ്‌ജിക്കെതിരെ കേന്ദ്രസർക്കാർ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നേക്കുമെന്ന സൂചനകൾക്കിടെയാണിത്. യശ്വന്ത് വർമ്മ കുറ്റക്കാരനാണെന്ന് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി കണ്ടെത്തിയിരുന്നു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ഹൈക്കോടതി ജഡ്‌ജിക്കെതിരെ ഇംപീച്ച്മെന്റ് നടപടി ശുപാർശ ചെയ്‌ത് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു. പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുത്ത് ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. മുതിർന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപിൽ സിബൽ ജഡ്‌ജിയെ അനുകൂലിച്ച് രംഗത്തുണ്ട്. ഇംപീച്ച് പ്രമേയത്തെ കോൺഗ്രസ് പിന്തുണയ്ക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
അസാധാരണ നീക്കം
ഹൈക്കോടതി സിറ്റിംഗ് ജഡ്‌ജി നടത്തുന്നത് അസാധാരണ നീക്കമെന്നാണ് വിലയിരുത്തൽ. മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അയച്ച ഇംപീച്ച്മെന്റ് ശുപാർശ ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാണ് പ്രധാന ആവശ്യം. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശീൽ നാഗു, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കർണാടക ഹൈക്കോടതിയിലെ മലയാളി ജഡ്‌ജി അനു ശിവരാമൻ എന്നിവരടങ്ങിയ സമിതിയുടെ റിപ്പോർട്ട് റദ്ദാക്കണം.
ഹർജിയിലെ വാദങ്ങൾ
1. തന്റെ പ്രതികരണത്തിന് ന്യായമായ അവസരം നൽകിയില്ല
2. തനിക്കെതിരെ ആരും പരാതി നൽകിയിട്ടില്ല. ഇല്ലാത്ത പരാതിയിലാണ് അന്വേഷണം
3. സുപ്രീംകോടതി വിവരങ്ങൾ പുറത്തുവിട്ടത് പ്രതിച്ഛായയെ ബാധിച്ചു
4. ആരാണ് പണം കൊണ്ടുവച്ചതെന്ന ചോദ്യത്തിന് റിപ്പോർട്ടിൽ ഉത്തരമില്ല
5. തെളിവില്ലാതെ, അനുമാനങ്ങൾ അടിസ്ഥാനമാക്കിയാണ് കുറ്റാരോപണം
6. രാജിവയ്‌ക്കാൻ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. തന്റെ ഭാഗം കേട്ടില്ല