ഉടൻ എന്തെങ്കിലും ചെയ്യൂ എന്ന് സുപ്രീംകോടതി, റഷ്യൻ യുവതിക്കും മകനും വേണ്ടി വ്യാപക തെരച്ചിൽ
ന്യൂഡൽഹി : സുപ്രീംകോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് റഷ്യൻ യുവതിക്കും അവരുടെ അഞ്ചു വയസുള്ള മകനുമായി പൊലീസ് രാജ്യവ്യാപക തെരച്ചിൽ ആരംഭിച്ചു. ആരോഗ്യപ്രശ്‌നങ്ങളുള്ള മകനെയും കൊണ്ട് റഷ്യൻ ഭാര്യ കടന്നുകളഞ്ഞെന്ന ഇന്ത്യക്കാരനായ ഭർത്താവിന്റെ പരാതി കോടതി ഇന്നലെ വീണ്ടും പരിഗണിച്ചു. സമയം കളയാനില്ലെന്നും ഉടനെന്തെങ്കിലും ചെയ്യൂ എന്നും കേന്ദ്രത്തോട് നിർദ്ദേശിച്ചു. ഉടൻ കണ്ടെത്തണം. മറ്റാരുടെയെങ്കിലും സഹായം കിട്ടുന്നുണ്ടാകും. അടുത്ത രണ്ടുദിവസം നിർണായകമാണ്. ട്രെയിനുകളടക്കം പരിശോധിക്കണമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.
എംബസിയിലേക്ക്
കഴിഞ്ഞ ഏഴ് മുതൽ ഭാര്യ വിക്ടോറിയ ബസുവിനെയും മകനെയും കാണാനില്ലെന്നാണ് ഭർത്താവ് സൈകത് ബസുവിന്റെ ഹർജി. മകന്റെ കസ്റ്റഡിയുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയിലുണ്ട്. റഷ്യൻ എംബസിയിലെ ഉദ്യോഗസ്ഥനുമായി ഭാര്യയ്‌ക്ക് അടുത്ത ബന്ധമുണ്ടെന്ന് ഭർത്താവ് ആരോപിക്കുന്നു. 4ന് റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥനൊപ്പം ഡൽഹിയിലെ റഷ്യൻ എംബസി ഓഫീസിന്റെ പിൻവാതിലിൽ കൂടി യുവതിയും കുട്ടിയും കയറിപോയെന്നും പറയുന്നു. ഭർത്താവിന്റെ പക്കലുള്ള വിവരങ്ങൾ കൂടി ചേർത്ത് യുക്തിപരമായ അന്വേഷണമുണ്ടാകണമെന്ന് സുപ്രീംകോടതി നിലപാടെടുത്തു. റഷ്യൻ എംബസിയുമായും ആശയവിനിമയം നടത്തണം.
രാജ്യത്ത് തന്നെ
യുവതി രാജ്യത്ത് തന്നെയുണ്ടെന്ന നിഗമനമാണ് കേന്ദ്രസർക്കാർ ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചത്. നിയമപരമായ ചാനലുകളിലൂടെ ഇന്ത്യ വിട്ടതായി കാണുന്നില്ല. ലുക്ക്ഔട്ട് സർക്കുലർ, വയർലെസ് മെസേജുകൾ എന്നിവ രാജ്യമൊട്ടാകെയുള്ള പൊലീസ് സ്റ്റേഷനുകളിലേക്ക് അയച്ചു. കുട്ടിയെ കണ്ടെത്താൻ സാദ്ധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നു. റെയിൽവേ അധികൃതരും അന്വേഷിക്കുന്നുണ്ട്. യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിലവിൽ 200 രൂപ മാത്രമാണുള്ളതെന്നും അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി അറിയിച്ചു. സാമ്പത്തിക വിഷമത്തിലാണെങ്കിൽ അമ്മ കുട്ടിയെ എങ്ങനെ പരിപാലിക്കുമെന്ന് കോടതി ആശങ്ക പ്രകടിപ്പിച്ചു.
എംബസിയുടെ സഹകരണം
തെരച്ചിലിന് റഷ്യൻ എംബസി സഹായിക്കുന്നുണ്ടെന്ന് കേന്ദ്രം അറിയിച്ചു. റഷ്യൻ അംബാസഡർ വാട്സ്‌ആപ്പ് സന്ദേശം പുറത്തിറക്കി. മകളെ കാണാനില്ലെന്ന് യുവതിയുടെ അമ്മയും എംബസിയോട് പരാതിപ്പെട്ടിട്ടുണ്ട്. യുവതിയുടെ ഫോൺകാൾ വിവരങ്ങൾ ശേഖരിച്ചു. 2023 ഏപ്രിലിന് ശേഷം വിദേശയാത്ര നടത്തിയിട്ടില്ല. ഇൻസ്റ്റഗ്രാം, ഇ-മെയിൽ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുന്നു. കുട്ടി 7ന് ശേഷം സ്‌കൂളിൽ പോയിട്ടില്ല. 6നാണ് അവസാന ബാങ്ക് ഇടപാട്.