പെൻഷൻ ഔദാര്യമല്ല ; മൗലികാവകാശമെന്ന് സുപ്രീംകോടതി

Saturday 19 July 2025 1:02 AM IST

ന്യൂഡൽഹി : പെൻഷൻ ഔദാര്യമല്ലെന്നും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഏകപക്ഷീയമായും നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയും പെൻഷൻ കുറയ്‌ക്കാനാകില്ല. ഒരിക്കൽ പെൻഷൻ അനുവദിച്ചാൽ അത് അവകാശമായി മാറും. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിലപാട്. പെൻഷൻ തുകയിൽ മാറ്റം വരുത്തണമെങ്കിൽ തൊഴിലുടമകൾ നിയമപരമായ വ്യവസ്ഥകൾ പാലിക്കണം.

 ബാങ്ക് മുൻ ജീവനക്കാരുടെ കേസിൽ

അച്ചടക്ക നടപടി നേരിട്ടിരുന്ന സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ചില മുൻ ജീവനക്കാരുടെ പെൻഷൻ മൂന്നിലൊന്നായി വെട്ടിക്കുറച്ച നടപടിയാണ് സുപ്രീംകോടതിക്ക് മുന്നിലെത്തിയത്. ബോർഡ് ഓഫ് ഡയറക്‌ടേഴ്സിന്റെ മുൻകൂർ അനുമതി വാങ്ങാതെയായിരുന്നു ബാങ്കിന്റെ നടപടി. പെൻഷൻ വെട്ടിക്കുറച്ചത് റദ്ദാക്കിയ സുപ്രീംകോടതി, നടപടികൾ ഭരണഘടനാപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി.