പ്രതികാര രാഷ്‌ട്രീയമില്ലാതെ ക്ഷേമ പദ്ധതികൾ നൽകുന്നു: മോദി

Saturday 19 July 2025 1:03 AM IST

f

ബീഹാറിലും ബംഗാളിലും വിവിധ പദ്ധതികൾക്ക് തുടക്കം

ന്യൂഡൽഹി: കോൺഗ്രസ് ഭരിച്ചപ്പോൾ സംസ്ഥാന സർക്കാരുകളോട് പ്രതികാര മനോഭാവമാണ് കാട്ടിയതെന്നും പാവപ്പെട്ടവർക്കുള്ള പണം ഇടനിലക്കാർ കൊള്ളയടിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതികാര രാഷ്‌ട്രീയമില്ലാതെ ക്ഷേമ പദ്ധതികൾ ഉറപ്പാക്കുകയാണ് തന്റെ സർക്കാരെന്ന് ബീഹാറിലെ മോത്തിഹാരിയിൽ 7000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട ബീഹാറിൽ ഇക്കൊല്ലം മോദിയുടെ ആറാമത്തെ സന്ദർശനമാണിത്.

കോൺഗ്രസ് കേന്ദ്രത്തിൽ ഭരണത്തിലിരിക്കെ നിതീഷ് കുമാർ സർക്കാരിനെ അവർ ശിക്ഷിക്കുന്നത് പോലെയാണ് പെരുമാറിയത്. ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ശേഷം, ബീഹാറിനെതിരായ പഴയ പ്രതികാര രാഷ്ട്രീയം അവസാനിപ്പിച്ചു. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ബീഹാർ നേരിട്ട നിരാശയുടെ അവസ്ഥ ഇന്നത്തെ തലമുറ അറിയേണ്ടതുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. ആർ.ജെ.ഡി-കോൺഗ്രസ് ഭരണകാലത്ത് വികസനം സ്തംഭിച്ചു. ദരിദ്രർക്കുള്ള പണം ഇടനിലക്കാർ കൊള്ളയടിച്ചു. ആർ.ജെ.ഡി-കോൺഗ്രസ് ചങ്ങലകളിൽ നിന്ന് മോചിപ്പിച്ചതിന്റെ ഫലമായാണ് ബിഹാറിന് ഇന്ന്, ക്ഷേമ പദ്ധതികൾ ലഭിക്കുന്നത്.

ആർ.ജെ.ഡി ഭരണ കാലത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് പാവപ്പെട്ടവരുടെ ഭൂമി തട്ടിയെടുത്തെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ലാലു പ്രസാദ് യാദവും കുടുംബാംഗങ്ങളും പ്രതികളായ കുപ്രസിദ്ധമായ 'ജോലിക്ക് വേണ്ടി ഭൂമി' അഴിമതി പരാമർശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ആരോണം.

മമതാ സർക്കാർ

വികസനവിരുദ്ധ മതിൽ

മമത സർക്കാർ സ്‌ത്രീ സുരക്ഷയിൽ പരാജയപ്പെട്ടെന്നും സംസ്ഥാനത്തിന്റെ വികസനത്തിന് തടസമായി നിൽക്കുന്ന ഒരു മതിലാണെന്നും മോദി പറഞ്ഞു. ബംഗാളിലെ ദുർഗാപൂരിൽ നടന്ന പൊതുപരിപാടിയിൽ 5400 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വേദനാജനകമാണ്. ആർജി കാർ ആശുപത്രിയിൽ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ കുറ്റവാളിയെ സംസ്ഥാന സർക്കാർ സംരക്ഷിക്കുന്നു.

ബി.ജെ.പി ഭരിക്കുന്ന സ്ഥലങ്ങളിൽ ബംഗാളികൾക്ക് ബഹുമാനം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗാളിലെ തൃണമൂൽ സർക്കാർ വികസന വിരോധിയായ മതിലാണെന്ന് മോദി ആരോപിച്ചു. ആ മതിൽ വീഴുന്ന ദിവസം മുതൽ ബംഗാൾ വികസനത്തിന്റെ പുതിയ വേഗത കൈവരിക്കും. ബി.ജെ.പിക്ക് ബംഗാളിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസ്, കേന്ദ്ര മന്ത്രിമാരായ ഹർദീപ് സിംഗ്പുരി, ശന്തനു ഠാക്കൂർ, ഡോ. സുകാന്ത മജുംദാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.