കമുകുംചേരിയിൽ വൈദ്യുതി മുടക്കം പതിവാകുന്നു

Saturday 19 July 2025 1:07 AM IST

പത്തനാപുരം : കമുകുംചേരി വാർഡിൽ പതിവാകുന്ന വൈദ്യുതി മുടക്കം ജനങ്ങളെ, പ്രത്യേകിച്ച് നിരവധി സ്ഥാപനങ്ങളെ, ദുരിതത്തിലാക്കുന്നു. രണ്ട് സർക്കാർ സ്കൂളുകൾ, രണ്ട് റേഷൻ കടകൾ, രണ്ട് അങ്കണവാടികൾ, മാവേലി സ്റ്റോർ, പോസ്റ്റ് ഓഫീസ്, ആയുർവേദ ആശുപത്രി, വെറ്ററിനറി സബ് സെന്റർ, സഹകരണ സംഘം എന്നിവയുൾപ്പെടെ നിരവധി പൊതു സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന വാർഡാണിത്. ഇവിടെ രാപ്പകൽ ഭേദമന്യേ വൈദ്യുതി തടസപ്പെടുന്നത് വലിയ ബുദ്ധിമുട്ടാകുന്നു.അപൂർവ വേളകളിൽ മുന്നറിയിപ്പുണ്ടെങ്കിലും അപ്രഖ്യാപിത മുടക്കമാണ് മിക്കപ്പോഴും .പ്രത്യേക സ്‌കീം പ്രകാരം 11 കെ. വി ഉൾപ്പടെയുള്ള ലൈനുകളിൽ ഉന്നതനിലവാരത്തിലെ ഇൻസുലേഷൻ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇടയ്‌ക്ക് സപ്ലൈ നിയന്ത്രണം മാത്രമാണ് വരുത്തുന്നതെന്ന് കെ. എസ്. ഇ. ബി അധികൃതർ പറയുന്നു.ജോലി കരാറെടുത്തവർക്ക് മതിയായ മനുഷ്യവിഭവശേഷി ഇല്ലാത്തതും പ്രവൃത്തികൾ നീളുന്നതിന് കാരണമാകുന്നു. പ്രതികൂല കാലാവസ്ഥയിൽ മറ്റിടങ്ങളിൽ വൃക്ഷങ്ങൾ വ്യാപകമായി കടപുഴകി വീണതിനെ തുടർന്ന് അടിയന്തര അറ്റകുറ്റപണികൾ വേണ്ടി വന്നതും കേബിൾ പരിഷ്‌കരണത്തെ ബാധിച്ചെന്നുമാണ് കെ. എസ്. ഇ.ബി യുടെ നിലപാട്.