എൻ.ഐ.എ കേസ്: വിചാരണ ഇഴയുന്നതിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി
ന്യൂഡൽഹി : പ്രത്യേക കോടതികളുടെ അഭാവം കാരണം എൻ.ഐ.എ കേസുകളിലെ വിചാരണ ഇഴയുന്നതിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. ഇങ്ങനെ പോകുകയാണെങ്കിൽ എൻ.ഐ.എ കേസുകളിലെ വിചാരണ തടവുകാർക്ക് ജാമ്യം നൽകേണ്ടി വരുമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നൽകി. എത്രകാലം പ്രതികളെ അനിശ്ചിതകാലത്തേക്ക് കസ്റ്റഡിയിലിടാൻ കഴിയുമെന്നും ചോദിച്ചു. മഹാരാഷ്ട്രയിൽ വിചാരണ കാത്തു ജയിലിൽ കഴിയുന്ന എൻ.ഐ.എ കേസ് പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. പ്രത്യേക കോടതികളുടെ രൂപീകരണം സംബന്ധിച്ച മുൻഉത്തരവുകൾ കാര്യക്ഷമമായി നടപ്പാക്കാത്തതിൽ അതൃപ്‌തി പ്രകടിപ്പിച്ചു. ഉത്തരവ് നടപ്പാക്കാൻ കേന്ദ്ര - മഹാരാഷ്ട്ര സർക്കാരുകൾക്ക് അന്തിമാവസരം നൽകി. സമയബന്ധിതമായ വിചാരണ ഉറപ്പാക്കാൻ അടിസ്ഥാനസൗകര്യങ്ങളുള്ള എൻ.ഐ.എ പ്രത്യേക കോടതികൾ സ്ഥാപിക്കേണ്ടതുണ്ട്. നിലവിലെ കോടതികളെ പ്രത്യേക കോടതികളാക്കി മാറ്റുന്നത് അവിടുത്തെ നിലവിലെ കേസുകളെയും ബാധിക്കും. നൂറുകണക്കിന് വിചാരണതടവുകാരാണ് ജയിലുകളിൽ വിചാരണ കാത്ത് കഴിയുന്നതെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു. നാലാഴ്ചയ്‌ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. അന്ന് തൃപ്‌തികരമായ മറുപടിയില്ലെങ്കിൽ പ്രതിയുടെ ജാമ്യാപേക്ഷ മെറിറ്റിൽ പരിഗണിച്ച് തീരുമാനമെടുക്കും.