ഇന്ത്യ തേടുന്ന ഭീകരൻ മസൂദ് അസർ പാക് അധിനിവേശ കശ്മീരിലെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ പാക് അധിനിവേശ കാശ്മീരിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിലെ സ്‌കർഡുവിൽ അസറിനെ കണ്ടെന്നാണ് ഇന്റലിജൻസ് വിവരം.
വിനോദസഞ്ചാര കേന്ദ്രമായ സ്‌കർഡു ജെയ്ഷെ ശക്തികേന്ദ്രമായ പാകിസ്ഥാനിലെ ബഹാവൽപുരിൽ നിന്ന് 1000 കിലോമീറ്റർ അകലെയാണ്. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ബഹാവൽപുരിലെ ജെയ്‌ഷെ കേന്ദ്രവും തകർത്തിരുന്നു. ജെയ്‌ഷെ ഈ കേന്ദ്രം പുനരാരംഭിച്ചതായും റിപ്പോർട്ടുണ്ട്.
മസൂദ് അസറിനെ പാക് മണ്ണിൽ കണ്ടെത്തിയാൽ ഇന്ത്യക്ക് കൈമാറുമെന്ന് പാക് മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ പറഞ്ഞിരുന്നു. മസൂദ് അസർ പാകിസ്ഥാനിലുണ്ടെന്ന വിവരം ഇന്ത്യ കൈമാറിയാൽ അറസ്റ്റ് ചെയ്യുന്നതിൽ സന്തോഷമേയുള്ളൂവെന്നാണ് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി അദ്ധ്യക്ഷൻ കൂടിയായ ബിലാവൽ പറഞ്ഞത്. അസർ എവിടെയെന്ന് പാകിസ്ഥാന് അറിയില്ലെന്നും അയാളുടെ ഭൂതകാലം കണക്കിലെടുത്താൽ അഫ്ഗാനിസ്ഥാനിൽ ഉണ്ടാകാനാണ് സാധ്യതയെന്നും രണ്ടാഴ്ച മുമ്പ് ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ ബിലാവൽ പറഞ്ഞു. 2016ലെ പത്താൻകോട്ട് ആക്രമണം, 2019ലെ പുൽവാമ ആക്രമണം എന്നിവയുടെ സൂത്രധാരനായ അസറിന് 2001ലെ പാർലമെന്റ് ആക്രമണം, 2008ലെ മുംബയ് ആക്രമണം എന്നിവയിലും പങ്കുണ്ട്. ഇന്ത്യയിൽ തടങ്കലിലായിരുന്ന അസറിനെ 1999ലെ കാണ്ഡഹാർ വിമാന റാഞ്ചലിന് പിന്നാലെയാണ് വിട്ടയച്ചത്. 2019ൽ യു.എൻ ആഗോള ഭീകരനായി പ്രഖ്യാപിച്ചു.