ഡൽഹിയിലും ബംഗളൂരുവിലും സ്‌കൂളുകൾക്ക് ബോംബ് ഭീഷണി
ന്യൂഡൽഹി: ഡൽഹിയിലും ബംഗളൂരുവിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബോംബ് ഭീഷണി. ഡൽഹിയിൽ 45 സ്‌കൂളുകൾക്കും മൂന്ന് കോളേജുകൾക്കും ഇന്നലെ ഭീഷണി സന്ദേശം ലഭിച്ചു. ബംഗളൂരുവിൽ 40 സ്‌കൂളുകൾക്കും. പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ല. ഭീഷണിയുടെ ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡൽഹി സർവകലാശാലയ്ക്ക് കീഴിലെ ഐ.പി കോളേജ് ഫോർ വിമൻ, ഹിന്ദു കോളേജ്, ശ്രീരാം കോളേജ്, പിട്ടംപുര, ദ്വാരക, രോഹിണി, സൗത്ത് ഡൽഹി, സെൻട്രൽ ഡൽഹി ജില്ലകളിലെ സ്‌കൂളുകൾക്കുമാണ് ഭീഷണി ഇ-മെയിൽ ലഭിച്ചത്. കഴിഞ്ഞ ദിവസം സെന്റ് സ്റ്റീഫൻസ് കോളജിന് ബോംബ് ഭീഷണിയുണ്ടായിരുന്നു. ബംഗളൂരുവിൽ റോഡ്കിൽ എന്ന ഇ-മെയിൽ ഐ.ഡിയിൽ നിന്നാണ് സ്‌കൂളുകളുടെ അഡ്മിനിസ്‌ട്രേറ്റർമാർക്ക് രാവിലെ 7.24ന് സ്‌കൂളിൽ ബോംബ് വച്ചിട്ടുണ്ടെന്നുള്ള സന്ദേശമെത്തിയത്.
ഡൽഹിയിൽ ഈയാഴ്ച ഇതുവരെ 55 സ്‌കൂളുകളിലും നാല് കോളേജുകളിലും വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ചൊവ്വാഴ്ച ദ്വാരകയിലെ സ്‌കൂളിൽ ഭീഷണി സന്ദേശമയച്ചത് 12 വയസ്സുകാരനാണെന്ന് പൊലീസ് കണ്ടെത്തി. ബുധനാഴ്ചയും ഇതേ സ്‌കൂളിന് ബോംബ് ഭീഷണി ലഭിച്ചിരുന്നു. കുട്ടിയെ പൊലീസ് കൗൺസലിംഗിനയച്ചു.