കൊച്ചിയിൽ അയൽവാസി തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ദമ്പതികളുടെ നില ഗുരുതരം; 50 ശതമാനത്തിലേറെ പൊള്ളലേറ്റു

Saturday 19 July 2025 7:47 AM IST

കൊച്ചി: വടുതലയില്‍ അയല്‍വാസി തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ദമ്പതികളുടെ നില ഗുരുതരം. വടുതല ഫ്രീഡം നഗര്‍ സ്വദേശികളായ ക്രിസ്റ്റഫറും ഭാര്യ മേരിയുമാണ് പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്. ക്രിസ്റ്റഫറിന് 50 ശതമാനത്തിലേറെ പൊള്ളലേറ്റു.

ഇന്നലെയാണ് സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി അയൽവാസിയായ വില്യം ദമ്പതികളെ ആക്രമിച്ചത്. പിന്നീട് തീകൊളുത്തിയ ശേഷം പ്രതിയും ജീവനൊടുക്കി. ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്ന് രാവിലെ തുടങ്ങും. ഇന്നലെ രാത്രി എട്ട് മണിയോടെ പള്ളിയില്‍ നിന്ന് മടങ്ങിയ ക്രിസ്റ്റഫറിനെയും മേരിയെയും വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണ് വഴിയില്‍ തടഞ്ഞുനിര്‍ത്തി വില്യം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. പൊള്ളിയ ശരീരവുമായി ക്രിസ്റ്റഫറും മേരിയും ആശുപത്രിയിലേക്ക് വാഹനത്തില്‍ കയറുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.