സർക്കാർ ഉദ്യോഗസ്ഥർക്ക് 5000 രൂപയിൽ കൂടുതൽ ചെലവാക്കാൻ മേലുദ്യോഗസ്ഥന്റെ അനുമതി വേണം; വിചിത്ര ഉത്തരവ്
ന്യൂഡൽഹി: സർക്കാർ ഉദ്യോഗസ്ഥർക്ക് 5000 രൂപയിലധികം ചെലവാക്കണമെങ്കിൽ മേലുദ്യോഗസ്ഥരുടെ അനുമതി വേണമെന്ന് ഉത്തരവ്. ജൂലൈ 14നാണ് വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു സർക്കാർ ജീവനക്കാരൻ ഒരു മാസത്തെ ശമ്പളം അല്ലെങ്കിൽ 5,000 രൂപയിലോ കൂടുതലുള്ള ഏതെങ്കിലും വസ്തു വാങ്ങുകയോ വിൽക്കുകയോ മറ്റേതെങ്കിലും വിധത്തിൽ ഇടപാട് നടത്തുകയോ ചെയ്‌താൽ മേലുദ്യോഗസ്ഥനെ അറിയിക്കുകയും അനുമതി വാങ്ങുകയും ചെയ്യണമെന്നാണ് ഉത്തരാഖണ്ഡ് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
ജീവനക്കാർ ജോലിയിൽ ചേരുന്ന സമയത്തും അതിനുശേഷവുമുള്ള ഓരോ അഞ്ച് വർഷത്തിലും അവരുടെ എല്ലാ സ്വത്തുക്കളും വെളിപ്പെടുത്തണമെന്നും നിർബന്ധമാക്കിയിട്ടുണ്ട്. പങ്കാളികൾക്കും ഒരേ വീട്ടിൽ താമസിക്കുന്ന കുടുംബത്തിലെ മറ്റ് അംഗങ്ങളുടെയും സ്വത്ത് വിവരങ്ങളും ഇതോടൊപ്പം വെളിപ്പെടുത്തമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. എന്നാൽ, ഈ ഉത്തരവ് പരിഹാസ്യമാണെന്നാണ് ഉത്തരാഖണ്ഡ് എസ്‌സി-എസ്‌ടി എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് കരം റാം പറഞ്ഞത്. വിവാദ ഉത്തരവ് പിൻവലിക്കണം അല്ലെങ്കിൽ ഭാര്യയ്‌ക്കും കുട്ടികൾക്കും വസ്ത്രം വാങ്ങാൻ പോലും മേലുദ്യോഗസ്ഥന്റെ അനുമതി വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.