വേനൽക്കാലത്തെ അസാധാരണ പ്രതിഭാസം, യുഎഇയിൽ പ്രവാസികളടക്കമുള്ളവർ പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കുക

Saturday 19 July 2025 10:41 AM IST

അബുദാബി: യുഎഇയിൽ ഈ വാരാന്ത്യത്തിൽ കാലാവസ്ഥ അസ്ഥിരമായിരിക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ദുബായ്, അൽ അയിൻ പ്രദേശങ്ങളിലായി കനത്ത മഴയും ആലിപ്പഴ വർഷവും അനുഭവപ്പെട്ടതിനെത്തുടർന്നാണ് മുന്നറിയിപ്പ്. ഇന്നും നാളെയും തുടർച്ചയായ മഴ പ്രതീക്ഷിക്കാമെന്നാണ് അറിയിപ്പ്. തിങ്കളാഴ്‌ചവരെ രാജ്യത്തെ പല മേഖലകളിലും മഴ തുടരുമെന്നാണ് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി വ്യക്തമാക്കുന്നത്.

ഇന്നായിരിക്കും കാലാവസ്ഥാ വ്യതിയാനം അതിന്റെ പാരമ്യത്തിലെത്തുക. ഇക്കാരണത്താൽ ദുബായ്, ഷാർജ, റാസൽഖൈമ, ഫുജൈറ തുടങ്ങിയ മേഖലകളിൽ കനത്ത മഴ ലഭിക്കും. ന്യൂനമർദ്ദമാണ് അസാധാരണമായ ശക്തമായ വേനൽമഴയ്ക്ക് കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. മഴയോടൊപ്പം ഈർപ്പം നിറഞ്ഞ കാലാവസ്ഥയുമുണ്ടായിരിക്കും. 90 ശതമാനം വരെ ഈർപ്പമേറിയ കാലാവസ്ഥ ഉണ്ടാകാം. 49 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും ഉയർന്ന താപനില. മണിക്കൂറിൽ 15-25 കിലോമീറ്റർവരെ വേഗതയിൽ കാറ്റ് വീശാനിടയുണ്ടെന്നും കാലാവസ്ഥാ വിദഗ്ദ്ധർ വ്യക്തമാക്കി. നാളെ ഉൾപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലുമായിരിക്കും ഈർപ്പം നിറഞ്ഞ അന്തരീക്ഷം കൂടുതൽ. ആകാശം പരക്കെ മേഘാവൃതമായിരിക്കും.

ശക്തമായ കാറ്റിൽ പൊടിപടലം ഉണ്ടാവുകയും കാഴ്‌ച മറയ്ക്കപ്പെടുകയും ചെയ്യാനുള്ള സാദ്ധ്യതയുള്ളതിനാൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് പ്രാദേശിക ഭരണാധികാരികൾ മുന്നറിയിപ്പ് നൽകി. വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ കൂടുതൽ ശ്രദ്ധിക്കണമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.