കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച യുവാവിന് ബസിനടിയിൽപ്പെട്ട് ദാരുണാന്ത്യം; സ്ഥലത്ത് ബിജെപി, കോൺഗ്രസ് പ്രതിഷേധം

Saturday 19 July 2025 11:03 AM IST

തൃശൂർ: റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച യുവാവിന് ബസിടിയിൽപ്പെട്ട് ദാരുണാന്ത്യം. തൃശൂർ അയ്യന്തോളിൽ ഇന്നുരാവിലെയാണ് അപകടമുണ്ടായത്. ലാലൂർ സ്വദേശി ആബേൽ ചാക്കോ (24) ആണ് മരിച്ചത്. കുന്നംകുളത്തുള്ള ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ബാങ്ക് ജീവനക്കാരനാണ്.

തൃശൂരിൽ നിന്നും കുന്നംകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് ആബേലിനെ ഇടിച്ചിട്ടത്. ബസ് ആബേലിന്റെ ശരീരത്തിൽ കൂടി കയറിയിറങ്ങിയതായി ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിന് പിന്നാലെ പ്രദേശത്തെ കോൺഗ്രസ്, ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. നഗരത്തിലെ റോഡുകളിൽ അപകടങ്ങൾ തുടരുന്ന സാഹചര്യത്തിൽ പ്രതികളെ ഉടൻതന്നെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടു.

രണ്ടാഴ്ചകൾക്ക് മുൻപാണ് തൃശൂർ എംജി റോഡിലുണ്ടായ സമാന അപകടത്തിൽ മറ്റൊരു യുവാവിന് ദാരുണാന്ത്യം ഉണ്ടായത്. വെസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലൂടെയുള്ള മരണപ്പാച്ചിലിൽ പൊലീസും കാര്യമായ നടപടികൾ എടുക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. പ്രദേശത്ത് ജനരോഷം ശക്തമായി ഉയരുകയാണ്.