'അമ്മ സംഘടന ട്രേഡ് യൂണിയനായി മാറേണ്ട കാര്യമില്ല, ക്രിമിനൽ കേസ് പ്രതികൾക്കും മത്സരിക്കാം'
കൊച്ചി: താരസംഘടനയായ അമ്മയുടെ വരാനിരിക്കുന്ന തെരെഞ്ഞെടുപ്പിനെക്കുറിച്ച് അഭിപ്രായം പങ്കുവച്ച് നടനും സംവിധായകനുമായ ജോയ്‌മാത്യു. ക്രിമിനൽ കേസുകളിൽ പ്രതികളായ വ്യക്തികൾക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 15ന് അമ്മയുടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജോയ് മാത്യുവിന്റെ ശ്രദ്ധേയമായ അഭിപ്രായം. ഓരോരുത്തരും അവനവന്റെ മനസ്സാക്ഷിക്ക് അനുസരിച്ചുള്ള തീരുമാനമാണ് എടുക്കേണ്ടത്. അങ്ങനെയാണ് പലരും ചെയ്യാറുള്ളത്. താൻ മത്സരിക്കുമെന്നും ജോയ്‌മാത്യു വ്യക്തമാക്കി. ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുന്നത്.
അതേസമയം അമ്മ സംഘടന ട്രേഡ് യൂണിയനായി മാറേണ്ട കാര്യമില്ലെന്നും തൊഴിലെടുക്കാത്തവരെ താൻ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സംഘടനയുടെ നെടുംതൂണുകളായിരുന്ന മുതിർന്ന നടന്മാർ മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും അമ്മയിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അമ്മയുടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലൂടെ ജനാധിപത്യപരമായ ഭരണം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒഴുക്കിനെതിരെ നീങ്ങി ശക്തമായിമുന്നോട്ട് പോകുന്ന ഭരണസമിതിയാണ് വേണ്ടതെന്നും ജോയ്‌മാത്യു പറഞ്ഞു. മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി കഴിഞ്ഞ വർഷമാണ് ലൈംഗിക പീഡന ആരോപണങ്ങളെ തുടർന്ന് പിരിച്ചുവിട്ടത്. അതിനുശേഷം അഡ്-ഹോക്ക് കമ്മിറ്റി ചുമതലയേൽക്കുകയായിരുന്നു.