കേന്ദ്രസർക്കാർ ജോലിയെന്ന സ്വപ്നം ഇനി പൂവണിയും, 50,000-ത്തിലധികം ഒഴിവുകൾ നികത്താൻ ഇന്ത്യൻ റെയിൽവേ

Saturday 19 July 2025 12:16 PM IST

ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി, 2025-26 സാമ്പത്തിക വർഷത്തിൽ 50,000-ത്തിലധികം ഉദ്യോഗാർത്ഥികളെ നിയമിക്കാൻ ഇന്ത്യൻ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB). നടപ്പ് സാമ്പത്തിക വർഷത്തിൽ 50,000-ത്തിലധികം തസ്തികകൾ നികത്താനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ റെയിൽവേ ഇതിനകം 9,000-ത്തിലധികം അപ്പോയിന്റ്മെന്റ് ലെറ്ററുകൾ നൽകിയിട്ടുണ്ട്.

2024 നവംബർ മുതൽ 55,197 ഒഴിവുകൾ ഉൾക്കൊള്ളുന്ന ഏഴ് വിജ്ഞാപനങ്ങൾക്കായി 1.86 കോടിയിലധികം ഉദ്യോഗാർത്ഥികൾക്ക് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ ഇന്ത്യൻ റെയിൽവേ നടത്തിയിരുന്നു.

ഉദ്യോഗാർത്ഥികളുടെ തിരിച്ചറിയൽ പരിശോധനകൾക്കായി ഇ-കെവൈസി അടിസ്ഥാനമാക്കിയുള്ള ആധാർ ഡോക്യുമെന്റേഷൻ പോലുള്ള നടപടികളും റെയിൽവേ നടപ്പിലാക്കിയിട്ടുണ്ട്. കൂടാതെ പരീക്ഷാ തട്ടിപ്പുകൾ തടയാൻ പരീക്ഷാ കേന്ദ്രങ്ങളിൽ ജാമറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് അവരുടെ വീടുകൾക്ക് സമീപമുള്ള പരീക്ഷാ കേന്ദ്രങ്ങൾ എളുപ്പത്തിൽ കണ്ടെത്താനുള്ള സൗകര്യങ്ങളും റെയിൽവേ ഒരുക്കും.

റിക്രൂട്ട്മെന്റ് കാര്യക്ഷമമാക്കാൻ മെച്ചപ്പെട്ട സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നു. പരീക്ഷയുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിന് ശക്തമായ സുരക്ഷാ നടപടികളാണ് റെയിൽവേ മുന്നോട്ടു വയ്ക്കുന്നത്. സ്ത്രീകൾക്കും വൈകല്യമുള്ള ഉദ്യോഗാർത്ഥികൾക്കും പ്രത്യേകം മുൻഗണന നൽകാറുണ്ട്.