മകനെ അവസാനമായി കാണാൻ അമ്മ സുജ വീട്ടിലെത്തി; ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ
കൊല്ലം: പ്രിയപ്പെട്ട മകനെ അവസാനമായി ഒരുനോക്ക് കാണാൻ മിഥുന്റെ അമ്മ സുജ വീട്ടിലെത്തി. പൊട്ടിക്കരയുന്ന സുജയെയും കുടുംബത്തെയും ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ വിങ്ങുകയാണ് ബന്ധുക്കളും നാട്ടുകാരും. ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് നെടുമ്പാശേരിയിൽ നിന്ന് തിരിച്ച സുജ കൊല്ലത്തെ വീട്ടിലെത്തിയത്.
കുവൈത്തിൽ നിന്നും ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സുജ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. അവിടെ നിന്നും കൊല്ലത്തെ വീട്ടിലേക്ക് വരുകയായിരുന്നു. സുജയെ കൂട്ടാനായി ഇളയ മകൻ സുജിനും ഭർത്താവ് മനുവും വിമാനത്താവളത്തിലെത്തിയിരുന്നു. തകർന്ന മനസുമായാണ് ആ അമ്മ വിമാനത്താവളത്തിലെത്തിയത്.
അതിദരിദ്രമായ കുടുംബത്തിന്റെ കഷ്‌ടപ്പാടുകൾ തീർക്കാനും മക്കളെ നല്ലരീതിയിൽ വളർത്താനുമായാണ് കുവൈത്തിൽ ഹോം നഴ്‌സായി സുജ ജോലിക്കുപോയത്. ആ അമ്മയുടെ പ്രതീക്ഷയെല്ലാം മക്കളിലായിരുന്നു. അപ്രതീക്ഷിതമായാണ് അതെല്ലാം നഷ്‌ടപ്പെടുത്തിക്കൊണ്ട് മിഥുന്റെ ജീവൻ വിധി കവർന്നെടുത്തത്. പൊട്ടിപ്പൊളിഞ്ഞ വീടിന്റെ ചുവരിൽ പോലും മിഥുൻ വരച്ച ചിത്രങ്ങളുണ്ട്. സ്‌നേഹത്തോടെ അവൻ എഴുതിവച്ച കുടുംബത്തിലെ ഓരോരുത്തരുടെയും പേരുകളുണ്ട്.
അതേസമയം, ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മിഥുന്റെ മൃതദേഹം ഇന്ന് രാവിലെ പത്ത് മണിയ്‌ക്ക് തേവലക്കര ബോയ്‌സ് സ്‌കൂളിൽ പൊതുദർശനത്തിന് വച്ചു. ആയിരക്കണക്കിന് ജനങ്ങളാണ് മിഥുനെ അവസാനമായി കാണാൻ സ്‌കൂൾ മുറ്റത്തേക്കെത്തിയത്. പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലേക്ക് എത്തിച്ചത്.