മോദി സർക്കാരിന്റെ ബ്ലൂ ഇക്കോണമി: മത്സ്യത്തൊഴിലാളികൾക്ക് ഒരുക്കിയ കെണിയാണെന്ന് കെസി വേണുഗോപാൽ

Saturday 19 July 2025 3:57 PM IST

തിരുവനന്തപുരം: മോദി സർക്കാരിന്റെ ബ്ലൂ ഇക്കോണമി മത്സ്യത്തൊഴിലാളികൾക്ക് ഒരുക്കിയ കെണിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. കേന്ദ്ര സർക്കാരിന്റെ പുതിയ ആഴക്കടൽ മത്സ്യബന്ധന നയത്തിനെതിരെയും, കടൽ മണൽ ഖനന നടപടികൾക്കെതിരേയും, അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

കടൽ മണൽ ഖനനവും ആഴക്കടലിൽ വലിയ കപ്പലുകൾക്ക് അനുമതി നൽകുന്ന മത്സ്യബന്ധന നയവും കേന്ദ്രസർക്കാരിന്റെ ബ്ലു ഇക്കോണമി നയങ്ങളുടെ തുടർച്ചയാണ്. കടൽ സമ്പത്ത് അദാനിക്കും അംബാനിക്കുകമായി വീതം വെയ്ക്കുകയാണ്. അതിന് വേണ്ടിയാണ് കേന്ദ്ര സർക്കാരിന്റെ നയങ്ങൾ. വൻകിട കപ്പൽ കമ്പനികളുടെ കടന്നുവരവ് ഈ മേഖലയിൽ പണിയെടുക്കുന്ന ചെറുയാനങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തിന് ഭീഷണിയാണ്. അനുവദനീയമായ യാനങ്ങളുടെ മൂന്ന് മടങ്ങ് നിലവിലുള്ളപ്പോഴാണ് വൻകിട കപ്പലുകൾക്ക് കൂടി ആഴക്കടലിൽ അനുമതി നൽകുന്നത്.

പരമ്പരാഗത മത്സ്യത്തൊളിലാളികളുടെ സബ്സിഡി ഉൾപ്പെടെയുള്ള ആനുകൂല്യം വെട്ടിച്ചുരുക്കുമ്പോൾ കോടികൾ വിലവരുന്ന യാനങ്ങൾക്ക് 50 ശതമാനം വരെ സബ്സിഡിയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുകയാണ് കേന്ദ്രസർക്കാർ.പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കോ അവരുടെ സഹകരണ പ്രസ്ഥാനത്തിനോ മാത്രമായി യാനങ്ങൾ അനുവദിക്കണമെന്ന നമ്മുടെ നിലപാടിന്റെ നേരെ എതിർ ദിശയിലേക്കാണ് കേന്ദ്രസർക്കാർ പോക്ക്.

വൻകിട കപ്പലുകളുടെ കടന്ന് വരവ് പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കും. പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടെ വൻകിട മുതലാളിമാർക്ക് തീറെഴുതിയ ശേഷമാണ് കടലിനെയും രാജ്യത്തെ രണ്ട് കോർപ്പറേറ്റുകൾക്ക് മോദി ഭരണകൂടം വിൽക്കുന്നതെന്നും കെസി വേണുഗോപാൽ വിമർശിച്ചു.

മത്സ്യത്തൊഴിലാളികളുടെ ജീവിതയാഥാർത്ഥ്യം സർക്കാർ മനസിലാക്കണം. മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനല്ല,കഷ്ടപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. കേന്ദ്രസർക്കാരിന്റെ മത്സ്യത്തൊഴിലാളി ദ്രോഹ നടപടികൾക്ക് പ്രോത്സാഹനം നൽകി കൂട്ടുനിൽക്കുകയാണ് പിണറായി സർക്കാർ. തുറമുഖ വികസനം നടത്തുമ്പോൾ മത്സ്യത്തൊഴിലാളികളെ പരിഗണിക്കണം. അതിന് സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല.

മത്സ്യത്തൊഴിലാളി സമൂഹത്തെ കുറിച്ച് ഒന്നും അറിയാത്തവരാണ് സംസ്ഥാന സർക്കാരിന് വേണ്ടി പിആർ പണിയെടുക്കുന്നത്. പുനർഗേഹം പദ്ധിക്കായി നിർമ്മിച്ച എ ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പരസ്യത്തിൽ മത്സ്യത്തൊഴിലാളിക്ക് ഇഷ്ടമല്ലാത്ത ജാതിപ്പേര് ഉൾപ്പെടുത്തി അധിക്ഷേപിക്കുകയാണ്. മന്ത്രിമാരുടേയും സർക്കാരിന്റെയും നിലപാട് കേരളത്തിലെ ഓരോ സമൂഹത്തേയും അധിക്ഷേപിക്കുന്നത്. ഫിഷറീസ് മന്ത്രി സജി ചെറിയാൻ പരാതിപറയാനെത്തിയ മത്സ്യത്തൊഴിലാളികളെ താടിവെച്ച ഗുണ്ടകളെന്ന് വിളിച്ചാണ് അധിക്ഷേപിച്ചതെന്നും കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടി.

കപ്പൽ അപകടം ഉണ്ടായപ്പോൾ അദാനിയുമായി പങ്കാളിത്തമുള്ള കപ്പൽ കമ്പനിക്കെതിരെ എഫ് ഐ ആർ എടുക്കാൻ പോലും തയ്യാറായില്ല. നഷ്ടപരിഹാരം ലഭ്യമാക്കാൻ കേസെടുക്കണമെന്ന് ശക്തമായി ഞങ്ങൾ വാദിച്ചു. താൻ മുഖ്യമന്ത്രിക്ക് കത്തെഴുതി.ടിഎൻ പ്രതാപൻ ഹൈക്കോടതിയെ സമീപിച്ചു. അതിന് ശേഷമാണ് കപ്പൽ കമ്പനിക്കെതിരെ കേസെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറായത്. മുങ്ങിയ കണ്ടയ്‌നെറുകളിൽ തട്ടി വലയും ബോട്ടും നശിക്കുന്നത് കാരണം മത്സ്യബന്ധനം നടത്താൻ കഴിയാത്ത സ്ഥിതിയാണ്. അതിനുള്ള നഷ്ടപരിഹാരം പോലും സർക്കാരുകൾ മത്സ്യത്തൊഴിലാളികൾക്ക് നൽകുന്നില്ലെന്നും വേണുഗോപാൽ വിമർശിച്ചു.

കപ്പൽ അപകടത്തെ തുടർന്നുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് പഠിക്കണം. ആലപ്പുഴ മാത്രം നാലു ഡോൾഫിനും രണ്ടു തിമിംഗലവും ചത്തടിഞ്ഞു.ഇത് സ്വാഭാവിക പ്രതിഭാസമായി കാണാനാകില്ല. കേന്ദ്രസർക്കാരിന്റെ മത്സ്യത്തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പോരാടാൻ സംസ്ഥാന സർക്കാർ മുന്നോട്ട് വന്നാൽ കോൺഗ്രസിന്റെ എല്ലാ പിന്തുണയും ഉണ്ടാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിതല സംഘം കേന്ദ്രസർക്കാരിനെ പോലും തയ്യാറാകുന്നില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.

യുപിഎ സർക്കാര് നൽകിയ മണ്ണെണ്ണ സബ്സിഡി കേന്ദ്രസർക്കാരും ഉമ്മൻചാണ്ടി സർക്കാർ മത്സ്യഫെഡ് വഴി നൽകിയ 50 ശതമാനം സബ്സിഡിയിൽ നൽകിയ മണ്ണെണ്ണ പിണറായി സർക്കാരും വെട്ടിച്ചുരിക്കി.

മത്സ്യത്തൊഴിലാളികളുടെ ലൈഫ് ഇല്ലാതാക്കുന്നതാണ് കേരള സർക്കാരിന്റെ ഭവനപദ്ധതി. മതിയായ ധനസഹായം നൽകുന്നില്ല.ഭൂമിയുടെ മേലുള്ള ഉടമസ്ഥാവകാശം നൽകുന്നില്ല. അതുകൊണ്ട് തന്നെ യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ഭവനപദ്ധതി കൊണ്ടുവരുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലീലാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ എംപി ടിഎൻ പ്രതാപൻ, മത്സ്യത്തൊഴിലാളി ദേശീയ പ്രസിഡന്റ് ആംസ്‌ട്രോങ് ഫെർണാണ്ടോ, ഡിസിസി പ്രസിഡന്റ് പാലോട് രവി ,മുൻമന്ത്രി വിഎസ് ശിവകുമാർ ജയ്സൺ പൂന്തുറ തുടങ്ങിയവർ പങ്കെടുത്തു,