മലയാളികൾ സൂക്ഷിക്കണം: അമിതലാഭത്തിന് വേണ്ടി വെളിച്ചെണ്ണയിൽ 'തിരിമറി', 150 രൂപ വിലയുള്ള ഓയിൽ ചേർക്കുന്നു?
തിരുവനന്തപുരം: സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ അമിതലാഭം കൊയ്യാൻ തിരിമറികൾ നടത്തുന്നതായി സൂചന. ആർക്കും അത്രവേഗം കണ്ടെത്താൻ സാധിക്കാത്ത കെർനൽ ഓയിൽ വെളിച്ചെണ്ണയിൽ ചേർത്ത് വിൽക്കുന്നുണ്ടോ എന്ന സംശയം ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ പങ്കുവച്ചു. എണ്ണപ്പനയുടെ കുരുവിൽ നിന്നെടുക്കുന്നതാണ് കെർനൽ ഓയിൽ. 150 രൂപയാണ് ഒരു ലിറ്റർ കെർനൽ ഓയിലിന്റെ ശരാശരി വില.
വെളിച്ചെണ്ണ വില ഉയർന്നതോടെ കെർനൽ ഓയിലിന്റെ വിൽപന വർദ്ധിച്ചെന്ന വിവരമാണ് സംശയത്തിന് കാരണമായത്. കെർനൽ ഓയിൽ വെളിച്ചെണ്ണയിൽ ചേർത്താൽ അത്രപെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ല. ഇത് കണ്ടെത്തണമെങ്കിൽ ശാസ്ത്രീയ പരിശോധന ആവശ്യമായിവരും. കെർനൽ ഓയിൽ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷകരമല്ല. എന്നാൽ വെളിച്ചെണ്ണയിൽ ചേർത്ത് അമിത ലാഭത്തിൽ വിൽക്കുന്നുണ്ടെന്ന സംശയമുണ്ട്.
വിപണിയിൽ തിളച്ചുമറിഞ്ഞ വെളിച്ചെണ്ണ വില 500 കടന്നു. കേരഫെഡിന്റെ കേര വെളിച്ചെണ്ണ ലിറ്ററിന് 529 രൂപയായി വർദ്ധിപ്പിച്ചതോടെ വിലവർദ്ധന പിടികിട്ടാത്ത നിലയിലായി. വില വർദ്ധന ഇന്നലെ മുതൽ നടപ്പിൽ വന്നു. ലിറ്ററിന് 110 രൂപയാണ് വർദ്ധിപ്പിച്ചത്. നാലു മാസത്തിനുള്ളിലെ നാലാമത്തെ വില വർദ്ധനയാണിത്. മറ്റു മുൻ നിര ബ്രാൻഡുകളുടെ വെളിച്ചെണ്ണ ലിറ്ററിന് 550 കടന്നു. നാടൻ വെളിച്ചെണ്ണയ്ക്കും വില വർദ്ധനയുണ്ട്. എന്നാൽ കൊപ്ര വില വർദ്ധിച്ചതോടെ പിടിച്ചുനിൽക്കാൻ കഴിയാത്തതിനാലാണ് വെളിച്ചെണ്ണയ്ക്ക് വില കൂട്ടേണ്ടിവന്നതെന്ന് കേരഫെഡ് എം.ഡി സാജു സുരേന്ദ്രൻ പറഞ്ഞു.
കേരളം, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ തേങ്ങയുടെ ഉത്പാദനം കുറഞ്ഞതും കേരളത്തിൽ നാളികേരത്തിന്റെ ഇറക്കുമതിയിലെ ഇടിവും വെളിച്ചെണ്ണ വില വർദ്ധിക്കാനുള്ള കാരണമാണ്. ഈ വർഷം തുടക്കത്തിൽ ഒരു കിലോ നാളികേരത്തിന് 33 രൂപയായിരുന്നു വില. എന്നാൽ നിലവിൽ കിലോയ്ക്ക് വില 100 രൂപയോട് അടുക്കുകയാണ്.
വില വർദ്ധനവ് കുടുംബ ബഡ്ജറ്റിനേയും ഹോട്ടൽ വ്യവസായത്തേയും താളം തെറ്റിക്കുന്നുണ്ട്. വെളിച്ചണ്ണയ്ക്ക് വില കുതിക്കുന്നതിനാൽ പല ഹോട്ടലുകളും പാമോയിൽ ആണ് പാചകത്തിന് ഉപയോഗിക്കുന്നത്. വില വർദ്ധിച്ചതോടെ മാർക്കറ്റിൽ വ്യാജ വെളിച്ചെണ്ണയും കടന്നുകൂടിയിട്ടുണ്ട്. ഇത് തടയാൻ പരിശോധന വേണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് ഗുണനിലവാരമില്ലാത്ത വ്യാജ വെളിച്ചെണ്ണ ഉപയോഗിച്ചാൽ ഉണ്ടാകുന്നത്.