അനധികൃത ഓട്ടോറിക്ഷകൾക്ക് എതിരെ നടപടിക്ക് തീരുമാനം

Saturday 19 July 2025 5:46 PM IST

കാക്കനാട്: തൃക്കാക്കര നഗരസഭാ പരിധിയിൽ അനധികൃതമായി ഓട്ടോറിക്ഷകൾ ഓടിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കാൻ നഗരസഭാ ചെയർപേഴ്‌സൺ രാധാമണിപ്പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. 2012ൽ തൃക്കാക്കര മുനിസിപ്പാലിറ്റി 980 ഓട്ടോറിക്ഷകൾക്ക് ബോണറ്റ് നമ്പർ സംവിധാനം കൊണ്ടുവന്നിരുന്നതാണ്. എന്നാൽ നിലവിൽ തൃക്കാക്കര നഗരസഭാ പരിധിയിൽ മറ്റ് ജില്ലകളിൽ നിന്ന് നൂറുകണക്കിന് ഓട്ടോകൾ അനധികൃതമായി ഓടിക്കുന്നുണ്ടെന്ന് തൊഴിലാളികൾ പരാതിപ്പെട്ടു.

തൃക്കാക്കര എസ്.എച്ച്.ഒ. കിരൺ സി. നായർ, ഈസ്റ്റ് ട്രാഫിക് എസ്.ഐ. ടി.കെ. മനോജ്, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനീയർ പി.കെ. മഞ്ജുഷ, ജൂനിയർ സൂപ്രണ്ട് ടി.ടി. മണിക്കുട്ടൻ, വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് സി.ജി. സോമൻ, ഷാജഹാൻ, അജിത് അരവിന്ദ്, പി.വി. പുരുഷൻ, എ.എ. യൂസഫ്, എൻ.എ. മാഹിൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.

ഓട്ടോത്തൊഴിലാളികളുടെ ആവശ്യം തൃക്കാക്കരയിലെ 40 ഓളം അംഗീകൃത സ്റ്റാൻഡുകളാണുള്ളതെങ്കിലും മെട്രോ റെയിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ഓട്ടോറിക്ഷകളുള്ള വാഴക്കാല, ചെമ്പുമുക്ക്, പടമുകൾ എന്നിവിടങ്ങളിലെ സ്റ്റാൻഡുകൾ പൂർണമായും ഇല്ലാതായിരിക്കുകയാണ്. ഇതിന് എത്രയും വേഗം ഒരു പരിഹാരം കാണണം

 റോഡുകളുടെ ശോചനീയാവസ്ഥ കാരണം പല സ്ഥലങ്ങളിലേക്കും ഓട്ടം പോകാൻ കഴിയാത്ത അവസ്ഥയാണ്. ബോണറ്റ് നമ്പർ സംവിധാനം എത്രയും വേഗം നടപ്പിലാക്കണം

അതാത് ജില്ലകളിലുള്ള ഓട്ടോറിക്ഷകൾ തൊട്ടടുത്ത ജില്ലയിലെ 20 കിലോമീറ്റർ പരിധിയിൽ കൂടുതൽ ഓട്ടം വരുന്നത് നിയമലംഘനമാണെന്നും അനധികൃതമായി ഓട്ടോ ഓടിക്കുന്നവർക്കെതിരെ പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കും. ബോണറ്റ് നമ്പർ സംവിധാനം എത്രയും വേഗം നടപ്പിലാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകും. വി. വിജേഷ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ