വ്യാജ വെളിച്ചെണ്ണ തടയാൻ 'ഓപ്പറേഷൻ നാളികേര'

Sunday 20 July 2025 12:08 AM IST

കോട്ടയം : ഓണ വിപണി മുന്നിൽക്കണ്ട് വ്യാജ വെളിച്ചെണ്ണയുടെ ഒഴുക്ക് നിയന്ത്രിക്കാൻ 'ഓപ്പറേഷൻ നാളികേര' യുമായി

ഭക്ഷ്യസുരക്ഷാ വകുപ്പ് . വില കുതിച്ചുയർന്നതോടെയാണ് വ്യാജനും വ്യാപകമായത്. 980 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 25 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും, ഏഴു സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാനുള്ള നോട്ടീസും നൽകി. തുടർ പരിശോധനയ്ക്ക് 161 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും, 277 സർവൈലൻസ് സാമ്പിളുകളും ശേഖരിച്ചു.

കേര ഫെഡിന്റെ കേര വെളിച്ചെണ്ണയെന്ന് തെ​റ്റിദ്ധരിപ്പിച്ച് 41 ബ്രാൻഡുകൾ വിറ്റഴിക്കപ്പെടുന്നുണ്ടെന്ന് കണ്ടെത്തി. ഇവ നിരോധിച്ചതാണെങ്കിലും മറ്റ് ബ്രാൻഡുകളിൽ ഇറക്കുകയാണ്. വെന്ത വെളിച്ചെണ്ണയുടെ ഫ്ലേവറോടെ ശുദ്ധമായ ചക്കിലാട്ടിയ എണ്ണ എന്ന ബോർഡ് വച്ചും വ്യാജ കച്ചവടം തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് ഒരു നിർമ്മാതാവിന് ഒരു ബ്രാൻഡ് വെളിച്ചെണ്ണ മാത്രമേ പുറത്തിറക്കാൻ അനുവാദമുള്ളൂ. ബ്രാൻഡ് രജിസ്‌ട്രേഷൻ ഇല്ലാത്ത വെളിച്ചെണ്ണയുടെ വില്പന തടയാനും പിടിച്ചെടുത്ത് നിയമ നടപടിയ്ക്ക് വിധേയമാക്കാനും ഇതു വഴി കഴിയും.

ക്യാൻസർ പരത്തും ലിക്വിഡ് പാരഫിൻ

ലിറ്ററിന് 60 രൂപ വിലയുള്ള ലിക്വിഡ് പാരാഫിൻ എന്ന രാസ പദാർത്ഥത്തിൽ നാളികേരത്തിന്റെ ഫ്ലേവർ ചേർത്താണ് വ്യാജ വെളിച്ചെണ്ണ നിർമ്മിക്കുന്നത്. മധുര, കോയമ്പത്തൂർ, ബംഗളൂരു തുടങ്ങിയിടങ്ങളിലെ വൻകിട മരുന്നു നിർമ്മാണ ശാലകളിൽ നിന്ന് ഉപയോഗ്യ ശൂന്യമായ ലിക്വിഡ് പാരഫിൻ ലഭിക്കും. ഇവ ത്വക്ക് രോഗങ്ങൾക്ക് പുറമേ മാത്രം പുരട്ടാൻ ഉപയോഗിക്കുന്നതാണ്. പാരഫിൻ ഉള്ളിൽ ചെന്നാൽ കുടൽ ക്യാൻസറിന് ഉൾപ്പെടെ സാദ്ധ്യതയുണ്ട്.

മായം കണ്ടെത്താം

ചില്ലു ഗ്ലാസിൽ വെളിച്ചെണ്ണയെടുത്ത് അര മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കണം . ശുദ്ധ വെളിച്ചെണ്ണയാണെങ്കിൽ കട്ടയാകും. നിറം ഉണ്ടാകില്ല. മറ്റ് എണ്ണകൾ കലർന്നിട്ടുണ്ടെങ്കിൽ വേറിട്ടു നിൽക്കും. നിറവ്യത്യാസം കാണിക്കും. നേരിയ ചുവപ്പു നിറമെങ്കിൽ ആർജിമോൺ ഓയിൽ ചേർത്തിട്ടുണ്ടെന്ന് മനസിലാക്കാം.

''കവറിന്റെ പിൻഭാഗത്തെ എണ്ണയിലെ ഘടകങ്ങളും സർട്ടിഫിക്കേഷനുകളും എക്‌സ്‌പയറി ഡേറ്റും പരിശോധിക്കുക. വിലക്കുറവ് നോക്കി വാങ്ങരുത്. രൂക്ഷമായ മണമോ എണ്ണയിൽ വെള്ള നിറത്തിലുള്ള പതയോ മായത്തിന്റെ ലക്ഷണമാണ്.

മായം കലർന്നതെന്നു സംശയം തോന്നിയാൽ ടോൾ ഫ്രീ നമ്പറായ 1800425 1125ൽ അറിയിക്കണം.

-വീണാ ജോർജ്, ആരോഗ്യ മന്ത്രി