ഉറക്ക ഗുളിക നൽകി, മരിച്ചില്ലെന്ന് കണ്ടപ്പോൾ ഷോക്കടിപ്പിച്ചു; കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്ന് യുവതി

Saturday 19 July 2025 6:33 PM IST

ന്യൂഡൽഹി: ഡൽഹി ഓംവിഹാർ സ്വദേശി കരൺദേവിന്റെ മരണത്തിൽ വഴിത്തിരിവ്. 36കാരനായ കരണിന്റെ മരണം വെെദ്യുതാഘാതമേറ്റെന്നായിരുന്നു അന്വേഷണസംഘം ആദ്യം കരുതിയത്. എന്നാൽ തുടർ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിഞ്ഞത്. കരണിന്റെ അകന്ന ബന്ധത്തിലുള്ള യുവാവിനൊപ്പം ജീവിക്കാൻ ഭാര്യ സുസ്മിത തന്നെയാണ് ഭർത്താവിനെ കൊന്നത്. ജൂലായ് 13നാണ് കരണിനെ ഭാര്യ സുസ്മിത മാതാ രൂപ്രാണി മാഗോ ആശുപത്രിയിലെത്തിച്ചത്.

അബദ്ധത്തിൽ ഷോക്കേറ്റതാണെന്നാണ് സുസ്മിത പറഞ്ഞത്. എക്സ്റ്റൻഷൻ കോഡിൽ നിന്നുള്ള വയറിൽ സ്പർശിച്ചപ്പോൾ ഷോക്കേറ്റതാണെന്നായിരുന്നു പറഞ്ഞത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും കരണിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടമരണമാണെന്ന് വിശ്വസിച്ച് കുടുംബം ആദ്യം പോസ്റ്റ്‌മോർട്ടം നടത്താൻ തയ്യറായില്ല. എന്നാൽ മരിച്ചയാളുടെ പ്രായവും മരണത്തിന്റെ സാഹചര്യവും കണക്കിലെടുത്ത് പൊലീസാണ് പോസ്റ്റ്‌മോർട്ടം വേണമെന്ന് ആവശ്യപ്പെട്ടത്.

കരണിന്റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വെെദ്യുതാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ കരണിന്റെ വയറ്റിൽ ഉറക്കഗുളികകൾ കണ്ടെത്തിയതായും ഡോക്ടർ പറഞ്ഞു. തുടർന്ന് സംശയം തോന്നിയ പൊലീസ് ആന്തരികാവയവങ്ങൾ വിശദ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. സുസ്മിതയെയും ബന്ധുവായ രാഹുലിനെയും സംശയിക്കുന്നതായി കരണിന്റെ ഇളയ സഹോദരൻ പൊലീസിന് മൊഴി നൽകിയിരുന്നു. ഈ മൊഴിയാണ് വഴിത്തിരിവായത്. സുസ്മിതയും രാഹുലും തമ്മിൽ നടത്തിയ ഇൻസ്റ്റഗ്രാം ചാറ്റിന്റെ തെളിവും സഹോദരൻ പൊലീസിന് കെെമാറി. ഇരുവരും കൊലപാതകം നടത്താൻ പദ്ധതിയിട്ടത് ഇൻസ്റ്റഗ്രാം വഴിയായിരുന്നു.

ഇരുവരും ചേർന്ന് ഉറക്കഗുളികകൾ നൽകിയാണ് കരണിനെ കൊലപ്പെടുത്തിയത്. അത്താഴത്തിനിടെ 15 ഉറക്കഗുളികകൾ നൽകിയതിനെ തുടർന്ന് കരൺ അബോധാവസ്ഥയിലാകുകയായിരുന്നു. എന്നാൽ അപ്പോഴും ശ്വസിക്കുന്നുണ്ടായിരുന്നു. പിന്നാലെ അപകടമരണമാണെന്ന് വരുത്താൻ പ്രതികൾ കരുണിനെ വെെദ്യുതാഘാതം ഏൽപ്പിക്കുകയായിരുന്നു. സുസ്മിതയും കരണും ആറുവർഷം മുൻപാണ് പ്രണയിച്ച് വിവാഹം കഴിക്കുന്നത്. ഇരുവർക്കും ആറ് വയസുള്ള ഒരു മകനുണ്ട്. ഒരു വർഷം മുൻപാണ് അതേ കെട്ടിടത്തിൽ താമസിച്ചിരുന്ന രാഹുലുമായി സുസ്മിത പ്രണയത്തിലാകുന്നത്.