കെ.എസ്.ആർ.ടി.സിയുടെ പുതിയ വഴികൾ

Sunday 20 July 2025 3:40 AM IST

പലപ്പോഴും വൈവിദ്ധ്യമാർന്ന ആശയങ്ങൾ നടപ്പാക്കുന്നതിലൂടെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന പല പൊതുമേഖലാ സ്ഥാപനങ്ങൾക്കും വരുമാനം വർദ്ധിപ്പിക്കാനാവും.

വിവിധ രീതികളിലൂടെ അതിനുള്ള മാർഗങ്ങൾ തേടുന്ന കെ.എസ്.ആർ.ടി.സിയുടെ യത്നങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ഏറ്റവും ഒടുവിൽ അവർ പുറത്തിറക്കിയ ട്രാവൽ കാർഡ് വലിയ വിജയമായിരിക്കുകയാണ്. യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനും നാണയങ്ങളുമായി ബന്ധപ്പെട്ട ചില്ലറ പ്രശ്നങ്ങളും തർക്കങ്ങളും ഒഴിവാക്കുന്നതിനുമായി കെ.എസ്.ആർ.ടി.സി ആരംഭിച്ച ട്രാവൽ കാർഡ് യാത്രക്കാർ ഏറ്റെടുത്തിരിക്കുകയാണ്.

കാർഡ് സംവിധാനം തുടങ്ങി ദിവസങ്ങൾക്കുള്ളിൽത്തന്നെ ഒരുലക്ഷത്തിലേറെപ്പേർ ഇത് സ്വന്തമാക്കി. അഞ്ച് ലക്ഷത്തോളം കാർഡുകളാണ് ഉടൻ എത്തിക്കുക. ഇതിലൂടെ യാത്രയ്ക്കുള്ള മുൻകൂർ പണം കെ.എസ്.ആർ.ടി.സിക്ക് ലഭിക്കും. കൂടാതെ കാർഡ് വാങ്ങുന്നയാൾക്ക് മാത്രമല്ല അതിൽ ബാലൻസ് ഉള്ളിടത്തോളം ആർക്കും ഉപയോഗിക്കാം. 73,281 വിദ്യാർത്ഥികളും സ്‌മാർട്ട് ഓൺലൈൻ കാർഡിന് അപേക്ഷിച്ചിട്ടുണ്ട്. ഇത് ട്രാവൽ കാർഡുപോലെ സ്‌മാർട്ട് കാർഡ് രൂപത്തിൽ വിദ്യാർത്ഥികളിലെത്തിക്കുന്നതിന്റെ അവസാനഘട്ട തയ്യാറെടുപ്പുകൾ നടക്കുകയാണ്. അതുപോലെതന്നെ യാത്രാ ലൊക്കേഷൻ അറിയാൻ സഹായിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ ചലോ ആപ്പ് ഒരുലക്ഷത്തി ഇരുപതിനായിരം പേരാണ് ഇതിനകം ഡൗൺലോഡ് ചെയ്തത്.

പണം കൈവശമില്ലാത്തപ്പോഴും ട്രാവൽ കാർഡുപയോഗിച്ച് യാത്രചെയ്യാനാകും. 100 രൂപയാണ് കാർഡിന് ചാർജ്. ഇത് റീചാർജ് ചെയ്ത് വീണ്ടും ഉപയോഗിക്കാം. ഒരു വർഷമാണ് കാർഡിന്റെ കാലാവധി. കുറഞ്ഞത് 50 രൂപയ്ക്കും പരമാവധി 3000 രൂപയ്ക്കും കാർഡ് ചാർജ് ചെയ്യാം. 1000 രൂപ ചാർജ് ചെയ്താൽ 40 രൂപയും 2000 രൂപ ചാർജ് ചെയ്താൽ 100 രൂപയും അധികമായി കാർഡിൽ ക്രെഡിറ്റാകും. അങ്ങനെ നോക്കുമ്പോൾ കാർഡ് യാത്രക്കാർക്ക് ലാഭകരമാണ്.

അതുപോലെ ഓപ്പൺ ഡബിൾ ഡക്കർ ബസ്സിൽ തിരുവനന്തപുരം നഗരം ചുറ്റിക്കാണിക്കുന്ന ഇലക്ട്രിക് ബസ് സർവീസും വൻ വിജയമായിരിക്കുകയാണ്. യാത്രക്കാരുടെ എണ്ണം കൂടിയതോടെ 100 രൂപ ചാർജ് 200 രൂപയാക്കി. എന്നിട്ടും ഓൺലൈൻ ബുക്കിംഗിന് ഒരു കുറവുമില്ല. കിഴക്കേകോട്ട, സെക്രട്ടേറിയറ്റ്, നിയമസഭ, മ്യൂസിയം, ശംഖുംമുഖം, ലുലുമാൾ, പദ്മനാഭസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്ന ബസ് സർവീസ് ഇപ്പോൾ ഏറ്റവും കൂടുതൽ ജനപ്രിയമായി മാറിയിരിക്കുകയാണ്. ഇരുനിലകളിലുമായി 65 സീറ്റുകളാണ് ബസ്സിലുള്ളത്. താഴത്തെ നിലയിൽ 100 രൂപ തന്നെയാണ് ഇപ്പോഴും ടിക്കറ്റ് നിരക്ക്. എല്ലാ ദിവസവും വൈകിട്ട് 3 മണിമുതൽ രാത്രി 10 മണിവരെ ഓരോ മണിക്കൂർ ഇടവേളകളിലും ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡക്കർ സർവീസുകൾ ലഭ്യമാണ്.

ഇതിന് പുറമെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലേക്ക് കെ.എസ്.ആർ.ടി.സി ആരംഭിച്ച സർവീസുകളും ഹിറ്റാണ്. ഇതിൽത്തന്നെ കെ.എസ്.ആർ.ടി.സിയുടെ ഗവി ട്രിപ്പുകൾ വളരെ ജനപ്രിയമായി മാറിയിരിക്കുന്നു. കുറഞ്ഞ കാലത്തിനിടെ ആയിരത്തിലേറെ ട്രിപ്പുകളാണ് ഗവിയിലേക്ക് കെ.എസ്.ആർ.ടി.സി നടത്തിയിരിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം മേഖലകളിൽ നിന്നെത്തുന്നവരെ പത്തനംതിട്ടയിലെത്തിച്ച്, അടുത്ത ദിവസം ബസിലാണ് ഗവിയിലേക്ക് കൊണ്ടുപോകുന്നത്. ഗവി തുറന്നതോടെ എല്ലാ യൂണിറ്റുകളിൽ നിന്നുമുള്ള ഗവി ട്രിപ്പുകളുടെ വിശദാംശങ്ങൾ കെ.എസ്.ആർ.ടി.സി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബഡ്‌ജറ്റ് ടൂറിസം രംഗത്ത് വളരെ ചുരുങ്ങിയ കാലം കൊണ്ട് വൻ വിപ്ളവമാണ് കെ.എസ്.ആർ.ടി.സി സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരം വൈവിദ്ധ്യമാർന്ന ആശയങ്ങളിലൂടെ കെ.എസ്.ആർ.ടി.സി മുന്നോട്ടുപോയാൽ ഏറ്റവും കൂടുതൽ ലാഭം കൊയ്യുന്ന പൊതുമേഖലാ സ്ഥാപനമായി കെ.എസ്.ആർ.ടി.സി നാളെ മാറില്ലെന്ന് പറയാനാവില്ല. അങ്ങനെതന്നെ സംഭവിക്കട്ടെ എന്ന് ഇത്തരം വൈവിദ്ധ്യമാർന്ന ആശയങ്ങളിലേക്ക് തിരിയുന്ന കെ.എസ്.ആർ.ടി.സിയെ അഭിനന്ദിച്ചുകൊണ്ട് നമുക്ക് ആശംസിക്കാം.