കേരള സർവകലാശാലയിൽ സമവായം അകലെ , ജോയിന്റ് രജിസ്ട്രാർക്ക് വി സിയുടെ കാരണം കാണിക്കൽ നോട്ടീസ്

Saturday 19 July 2025 6:54 PM IST

തിരുവനന്തപുരം : മന്ത്രി ആർ. ബിന്ദുവുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സർക്കാർ- വൈസ് ചാൻസലർ തർക്കത്തിൽ സമവായം ഉണ്ടായെന്ന റിപ്പോർട്ടുകൾക്കിടെ കൂടുതൽ കർശന നിലപാടുമായി ഡോ. മോഹനൻ കുന്നുമ്മൽ. ഡോ. കെ,​എസ്,​. അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിച്ച് രജിസ്ട്രാറുടെ ചുമതല കൈമാറിയെന്ന ഉത്തരവ് പുറപ്പെടുവിച്ച ജോയിന്റ് രജിസ്ട്രാർ പി. ഹരികുമാറിന് വി.സി കാരണം കാണിക്കൽ നോട്ടീസ് നൽകി. 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ തുടർ നടപടിയുമായി മുന്നോട്ടു പോകുമെന്ന് നോട്ടീസിൽ പറയുന്നു. അതേസമയം ഡോ. മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നൽകിയതായ വി.സിയുടെ ഉത്തരവ് ഇതുവരെയും പുറത്തിറക്കിയിട്ടില്ല. ഭരണവിഭാഗം ജോയിന്റ് രജിസ്ട്രാർ ഹരികുമാറിനെ അക്കാഡമിക് വിഭാഗത്തിലേക്ക് വി.സി സ്ഥലം മാറ്റിയെങ്കിലും അദ്ദേഹം ഉത്തരവ് അനുസരിച്ചിട്ടില്ല.

വി.സിയുടെ അനുവാദം കൂടാതെ അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിച്ചതായി ജോയിൻറ് രജിസ്ട്രാർ ഹരികുമാർ തന്നെ ഒപ്പിട്ട് ഇറക്കിയ ഉത്തരവാണ് സർവകലാശാലയുടെ എല്ലാ വകുപ്പുകളിലും ഇമെയിൽ ആയി അയച്ചത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വി.സി ഡോ. മോഹനൻ കുന്നുമ്മേൽ ഹരികുമാറിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. സർവകലാശാല നിയമപ്രകാരം വി.സിയുടെ അംഗീകാരം കൂടാതെ രജിസ്ട്രാർക്ക്‌ ഉത്തരവ് ഇറക്കാൻ അധികാരമില്ല.

സസ്‌പെന്റ് ചെയ്യപ്പെട്ട അനിൽകുമാർ ക്യാമ്പസിന് പുറത്തു പോകാതെയും, ഫയൽ ലിങ്ക്,​ രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ:മിനി കാപ്പന് കൈമാറാതെയും, ജോയിന്റ് രജിസ്ട്രാർമാരുടെ സ്ഥലം മാറ്റ ഉത്തരവ് അനുസരിക്കാതെയും ഒരു ഒത്തുതീർപ്പിനും വിസി തയ്യാറാകില്ല എന്നതിന്റെ. സൂചനയാണ് ഹരികുമാറിനെതിരായുള്ള നടപടി.

ചട്ട പ്രകാരം റെഗുലർ സിൻഡിക്കേറ്റ് 60 ദിവസത്തിനുള്ളിൽ കൂടിയാൽ മതി എന്നത് കൊണ്ട് ഉടനടി സിൻഡിക്കേറ്റ് വിളിച്ചു ചേർക്കാൻ സാദ്ധ്യത ഇല്ല. അടുത്തമാസം രണ്ടാം വാരം സിൻഡിക്കേറ്റ് യോഗം ചേരേണ്ടതുള്ളൂ. സിൻഡിക്കേറ്റ് ഉടനടി വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് ഇടതു സിൻഡിക്കേറ്റ് അംഗങ്ങൾ ഒപ്പിട്ട നിവേദനം വി.സിക്ക്‌ കഴിഞ്ഞ ആഴ്ച നൽകിയിരുന്നു.