'ഫഹദ് മാത്രമല്ല, മലയാളത്തിൽ നല്ല സീനിയർ താരങ്ങളുമുണ്ട്'; രസിപ്പിച്ച് 'ഹൃദയപൂർവം' ടീസർ

Saturday 19 July 2025 6:55 PM IST

മോഹൻലാലും സത്യൻ അന്തിക്കാടും ഒരുമിക്കുന്ന ഇരുപതാമത്തെ ചിത്രമായ ഹൃദയപൂർവത്തിന്റെ ടീസർ പുറത്തിറങ്ങി. രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയ ടീസറാണ് പുറത്തുവന്നിരിക്കുന്നത്. ആഗസ്റ്റ് 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മാളവിക മോഹനൻ ആണ് നായിക. സംഗീത, സിദ്ധിഖ്, സംഗീത് പ്രതാപ്, സ്രിന്ധ തുടങ്ങി നീണ്ട താരനിരയുണ്ട്. ഇതാദ്യമായാണ് മാളവിക മോഹനൻ മോഹൻലാലിന്റെ നായികയാകുന്നത്.

നാടോടിക്കുശേഷം മോഹൻലാൽ ചിത്രത്തിന്റെ ഭാഗമായി സംഗീത എത്തുന്നു എന്ന പ്രത്യേകതയുണ്ട്. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യന്റേതാണ് കഥ. അനൂപ് സത്യൻ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നു. നവാഗതനായ സോനു ടി.പി. ആണ് തിരക്കഥ. അനു മൂത്തേടത്ത് ഛായാഗ്രഹണം നിർവഹിക്കുന്നു. ജസ്‌റ്റിൻ പ്രഭാകരൻ ആണ് സംഗീത സംവിധാനം.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. കേരളത്തിന് പുറമെ പുനെയിലും ഹൃദയപൂർവം ചിത്രീകരിച്ചിരുന്നു. തമിഴിലെ പ്രശസ്ത സംഗീത സംവിധായകനായ ജസ്റ്റിൻ പ്രഭാകരൻ മലയാളത്തിൽ സംഗീതം ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ആണ്. അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിച്ച പാച്ചുവും അത്ഭുതവിളക്കും സിനിമയിലൂടെയാണ് ജസ്റ്റിൻ പ്രഭാകരൻ മലയാളത്തിലേക്ക് എത്തുന്നത്.