മഴ ആശങ്കകൾക്കിടയിലും കർക്കടക വാവുബലി തർപ്പണത്തിന് വിപുലമായ ഒരുക്കങ്ങൾ

Sunday 20 July 2025 3:07 AM IST
അൻവർ സാദത്ത് എം.എൽ.എ, ജില്ലാ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് വിനോദ് രാജ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന കർക്കടകവാവ് ബലി അവലോകന യോഗം

ആലുവ: കനത്ത മഴയിൽ പെരിയാറിലെ ജലനിരപ്പ് ഉയർത്തുന്ന ആശങ്കയ്ക്കിടയിൽ കർക്കടകവാവ് ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 24ന് പുലർച്ചെയാണ് കർക്കടകവാവ്. വിവിധ വകുപ്പുകൾ വെവ്വേറെ യോഗം ചേർന്നാണ് ഭക്തർക്കാവശ്യമായ സൗകര്യങ്ങളൊരുക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ആലുവ റെസ്റ്റ് ഹൗസിലും പൊലീസിന്റെ നേതൃത്വത്തിൽ വൈകിട്ട് ശ്രീബലഭദ്ര ഹാളിലുമായിരുന്നു യോഗം. മൂന്നാഴ്ച മുമ്പ് ദേവസ്വം ബോർഡും യോഗം വിളിച്ചിരുന്നു.

ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ മണപ്പുറത്തും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ അദ്വൈതാശ്രമത്തിലുമാണ് തർപ്പണ ചടങ്ങുകൾ.

മണപ്പുറത്ത് ഒരുങ്ങുന്നത് 50ഓളം താത്കാലിക ബലിത്തറകൾ

ജില്ലാഭരണകൂട വിളിച്ച യോഗത്തിന്റെ തീരുമാനങ്ങൾ

ഇറിഗേഷൻ വകുപ്പ് പെരിയാറിലെ ജലനിരപ്പ് ഇടവിട്ട അവസരങ്ങളിൽ പരിശോധിക്കും. അടിയന്തര സാഹചര്യങ്ങളിൽ മെഡിക്കൽ സഹായത്തിനായി ആവശ്യത്തിന് സ്റ്റാഫുകളെ നിയോഗിക്കാനും ആംബുലൻസ് സർവീസ് ഏർപ്പാടാക്കാനും ധാരണ. അഗ്നിരക്ഷാ സേനയുടെ സേവനം ഉറപ്പാക്കും. താത്കാലിക വൈദ്യുതി കണക്ഷൻ അടക്കമുള്ള നടപടികൾ സ്വീകരിക്കും. അനധികൃത മദ്യ - ലഹരി വസ്തുക്കളുടെ വില്പന, ഉപയോഗം എന്നിവ നടക്കുന്നില്ലെന്ന് ഉറപ്പാക്കും. കുടിവെള്ള ലഭ്യത ഉറപ്പാക്കും. ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കും.

കഴിഞ്ഞവർഷം അവസാനനിമിഷ ഗതാഗത നിയന്ത്രണത്തിൽ ഉണ്ടായ വീഴ്ചയും യോഗത്തിൽ ചർച്ചയായി. അത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കുന്നതിന് നടപടിയെടുക്കണമെന്ന് ജില്ലാ ഭരണകൂടം വിളിച്ച യോഗത്തിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ലാ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് വിനോദ് രാജും യോഗത്തിൽ പങ്കെടുത്തു.

അദ്വൈതാശ്രമത്തിൽ

വിപുലമായ സൗകര്യം

കർക്കടകവാവ് ബലിതർപ്പണത്തിന് എത്തുന്ന ഭക്തജനങ്ങൾക്കായി ആലുവ അദ്വൈതാശ്രമം ഒരുങ്ങി. 24ന് പുലർച്ചെ നാല് മുതൽ ഉച്ചയ്ക്ക് 12 വരെയാണ് തർപ്പണ ചടങ്ങുകൾ നടക്കുന്നതെന്ന് ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അറിയിച്ചു. ഒരേസമയം 1000 പേർക്ക് തർപ്പണം നടത്താൻ സൗകര്യമുണ്ടാകും. മേൽശാന്തി പി.കെ. ജയന്തൻ, സ്വാമി നാരായണ ഋഷി, മധുസൂദനൻ ശാന്തി, എം.ആർ. ചന്ദ്രശേഖരൻ എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും വിപുലമായ വാഹന പാർക്കിംഗ് സൗകര്യമുണ്ടാകും.