ഓണപരീക്ഷയുടെ ചോദ്യപേപ്പർ സർക്കാർ അച്ചടിച്ച് നൽകണം : ഹയർ സെക്കൻഡറി പ്രിൻസിപ്പൽസ് അസോസിയേഷൻ
Sunday 20 July 2025 12:42 AM IST
മലപ്പുറം: വരുന്ന ഓണപ്പരീക്ഷക്ക് ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്ക് കൂടി ഏകീകൃത ചോദ്യപേപ്പർ അച്ചടിച്ച് നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണമെന്നാവശ്യപ്പെട്ട് കേരള ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി വിദ്യാഭ്യാസ വകുപ്പു മന്ത്രിക്ക് നിവേദനം നൽകി. സ്‌കൂൾ തലത്തിൽ ചോദ്യപേപ്പർ അദ്ധ്യാപകരോട് തയ്യാറാക്കാനാണ് വകുപ്പ് ആവശ്യപ്പെടുന്നത്. ക്ലാസ്സെടുക്കുന്ന അദ്ധ്യാപകർ തന്നെ അവർ പഠിപ്പിക്കുന്ന കുട്ടികൾക്ക് പരീക്ഷ പേപ്പർ തയ്യാറാക്കുന്നത് പരീക്ഷയുടെ ഗുണനിലവാരത്തെയും കാര്യക്ഷമതയെയും ബാധിക്കുന്നതായി കുട്ടികളും രക്ഷിതാക്കളും പരാതിപ്പെടുന്നുണ്ട്. ഇതിൽ മാറ്റം വേണമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. എൻ. സക്കീർ സൈനുദ്ദീൻ, ജനറൽ സെക്രട്ടറി എ.എ. ഒനാൻ കുഞ്ഞ്, ട്രഷറർ ഇ.കെ. ഷാമിനി എന്നിവർ നിവേദനത്തിൽ സൂചിപ്പിച്ചു.