തദ്ദേശതിരഞ്ഞെടുപ്പ് : കരട് വോട്ടർപട്ടിക ജൂലായ് 23ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള കരട് ജൂലായ് 23നും അന്തിമപട്ടിക ആഗസ്റ്റ് 30നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. 2025ലെ പൊതുതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിശദീകരിക്കുന്നതിനായി തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ നടത്തിയരാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കമ്മീഷണർ.
ത്രിതലപഞ്ചായത്തുകളിലും നഗരസഭകളിലും വോട്ടെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇ.വി.എം) ഫസ്റ്റ് ലെവൽ ചെക്കിങ് ജൂലയ് 25മുതൽ ആഗസ്റ്റ് 25നകം പൂർത്തിയാക്കുമെന്നും കമ്മീഷൻ അറിയിച്ചു. കുറ്റമറ്റ രീതിയിൽ വോട്ടർപട്ടിക തയ്യാറാക്കുന്നതിനും ഇ.വി.എമ്മുകളുടെ ക്ഷമതാപരിശോധന പൂർത്തിയാക്കുന്നതിനും എല്ലാ രാഷ്ട്രീയപാർട്ടികളുടെയും സഹകരണം കമ്മീഷണർ അഭ്യർത്ഥിച്ചു.
കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജൂലായ് 23മുതൽ ആഗസ്റ്റ്7വരെ ഓൺലൈനായി നൽകാം. യോഗ്യതാ തീയതിയായ 2025ജനുവരി ഒന്നിനോ അതിന് മുൻപോ18വയസ്സ് പൂർത്തിയായവർക്കാണ് പട്ടികയിൽ പേരു ചേർക്കാൻ അർഹതയുള്ളത്.
കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മുനിസിപ്പാലിറ്റി ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളിലേയ്ക്കാണ് ഈ വർഷം പൊതുതിരഞ്ഞെടുപ്പ് നടത്തുന്നത് .941ഗ്രാമപഞ്ചായത്തുകളിലും 86 മുനിസിപ്പാലിറ്റികളിലും 6കോർപ്പറേഷനുകളിലും 152ബ്‌ളോക്ക് പഞ്ചായത്തുകളിലും14 ജില്ലാപഞ്ചായത്തുകളിലുമാണ് പൊതുതിരഞ്ഞെടുപ്പ്. മട്ടന്നൂർ മുനിസിപ്പാലിറ്റിയുടെ കാലാവധി 2027സെപ്തംബർ10ന് മാത്രമേ അവസാനിക്കുകയുള്ളൂ.