യുവാവിനെ ഭീഷണിപ്പെടുത്തി കവർച്ച: യുവതിയും സുഹൃത്തും അറസ്റ്റിൽ

Saturday 19 July 2025 8:38 PM IST

കോതമംഗലം: യുവാവിനെ ഭീഷണിപ്പെടുത്തി നഗ്‌നചിത്രങ്ങൾ എടുത്ത് സ്വർണമാലയും വിലയേറിയ മൊബൈൽ ഫോണും കവർന്ന കേസിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ. നെല്ലിക്കുഴി പാറക്കൽ അശ്വിനി (22), കുട്ടമ്പുഴ കല്ലേലിമേട് മുള്ളൻകുഴിയിൽ അമൽ (25) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ 15നാണ് സംഭവം. കോതമംഗലം സ്വദേശിയായ യുവാവിനെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് ഇവർ തട്ടിപ്പിനിരയാക്കിയത്. ഇയാളെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും വിവസ്ത്രനാക്കിയ ശേഷം യുവതിക്കൊപ്പം നിറുത്തി ഫോട്ടോകൾ എടുക്കുകയായിരുന്നു. തുടർന്ന് യുവാവിന്റെ സ്വർണമാലയും 70,000 രൂപ വിലയുള്ള ഫോണും കൈക്കലാക്കി.

യുവാവിന്റെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. അമലിൽ നിന്ന് മോഷണമുതൽ വിറ്റുകിട്ടിയതിൽ അവശേഷിച്ച 25,000 രൂപയും എട്ട് ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഇയാൾക്ക് 16 കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇൻസ്‌പെക്ടർ പി.ടി. ബിജോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.