നവീൻബാബുവിന്റെ മരണം; കുറ്റപത്രം റദ്ദാക്കാനുള്ള ഹരജിയ്ക്ക് ബലം പകരുന്നത് ജില്ലാകളക്ടറുടെ മൊഴി
തെറ്റുപറ്റിയെന്ന നവീൻബാബുവിന്റെ കുറ്റസമ്മതം ജില്ലാ കളക്ടറുടെ മൊഴിയിലുണ്ടെന്ന് ദിവ്യയുടെ അഭിഭാഷകൻ
കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ തന്നെ പ്രതിചേർത്ത് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവുമായി കണ്ണൂർ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഹൈക്കോടതിയെ സമീപിക്കുന്നു.പ്രധാനമായും കേസിനാസ്പദമായ യാത്രയയപ്പ് യോഗത്തിൽ സംബന്ധിച്ച ജില്ലാകളക്ടർ അരുൺ കെ.വിജയൻപൊലീസിന് നൽകിയ മൊഴി നിർണായകമാണെന്ന് കാട്ടിയാണ് അഡ്വ.കെ.വിശ്വൻ മുഖേന ദിവ്യ ഹൈക്കോടതിയെ സമീപിക്കുന്നത്.
കളക്ടറുടെ മൊഴി പ്രകാരം തനിക്ക് തെറ്റുപറ്റിയെന്ന് മുൻ എ.ഡി.എം നവീൻബാബു സമ്മതിച്ചതായി ഈ കുറ്റപത്രത്തിൽ സൂചിപ്പിക്കുന്നുണ്ട്.
അഴിമതിക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് ദിവ്യ ക്രൂശിക്കപ്പെട്ടതെന്നും ദിവ്യയുടെ പരാതിയിൽ പറയുന്നു.എ.ഡി.എം കൈക്കൂലി വാങ്ങി എന്നതിലേക്ക് നയിക്കുന്ന നിരവധി തെളിവുകളുണ്ട്.
നവീൻ ബാബു പറഞ്ഞ കാര്യങ്ങൾ മന്ത്രി കെ.രാജനോട് പറഞ്ഞിരുന്നെന്ന കളക്ടർ മൊഴിയും കുറ്റപത്രത്തിലുണ്ടെന്ന് ദിവ്യയുടെ അഭിഭാഷകൻ പറഞ്ഞു. യാത്രയയപ്പ് ചടങ്ങിന് ശേഷം ചേംബറിൽ എത്തിയ എ.ഡി.എമ്മിനോട് പി.പി.ദിവ്യയുടെ ആരോപണത്തെ കുറിച്ച് താൻ ചോദിച്ചുവെന്നാണ് കളക്ടറുടെ മൊഴി. ഫയലിൽ ഒരു പ്രശ്നം ഉണ്ടായിരുന്നതിനാൽ എൻ.ഒ.സി.വൈകിയെന്നായിരുന്നു മറുപടി. അതല്ലാതെ എന്തെങ്കിലും പ്രശ്നം ഉണ്ടോയെന്ന തന്റെ ചോദ്യത്തിന് മുന്നിൽ നവീൻബാബു അര നിമിഷം തലതാഴ്ത്തി നിന്ന് തെറ്റ് പറ്റിയെന്ന് പറഞ്ഞതായുള്ള കളക്ടറുടെ മൊഴി കുറ്റപത്രത്തിലുണ്ടെന്നും അഡ്വ.കെ.വിശ്വൻ പറഞ്ഞു. ആത്മവിശ്വാസത്തോടെ നേരിടണമെന്ന് നവീൻ ബാബുവിനോട് താൻ പറഞ്ഞെന്നും ഇതിന് പിന്നാലെ ഈ വിവരങ്ങൾ മന്ത്രിയെ അറിയിച്ചെന്നും കളക്ടർ അന്വേഷണസംഘത്തിന് മൊഴി നൽകിയതായും കുറ്റപത്രത്തിലുണ്ടെന്നും ദിവ്യയുടെ അഭിഭാഷകൻ പറഞ്ഞു.
കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ജില്ലാ കളക്ടറുടേതടക്കമുള്ള മൊഴി അടങ്ങിയ കുറ്റപത്രം കോടതിയുടെ പരിഗണനയിലാണ്.
ഹരജിയിൽ ദിവ്യ പറയുന്നത്
സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും നവീൻ ബാബു കൈക്കൂലി വാങ്ങി എന്നത് സ്ഥിരീകരിക്കുന്നു
ആത്മഹത്യക്ക് മുൻപ് താൻ വഴി നവീൻബാബു ദിവ്യയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ബന്ധുവായ പ്രശാന്തിന്റെ മൊഴി തെറ്റുപറ്റിയെന്ന് നവീൻബാബു തന്നോട് പറഞ്ഞതായി ജില്ലാകളക്ടർ അരുൺ കെ.വിജയന്റെ മൊഴി
ഇതെ കാര്യം റവന്യു മന്ത്രി കെ.രാജനോട് താൻ പറഞ്ഞിട്ടുണ്ടെന്ന് ജില്ലാകളക്ടറുടെ മൊഴി.