കെ എഫ് സിയിൽ നിന്ന് ചിക്കൻ വിഭവങ്ങൾ ലഭിക്കില്ല,​ വിതരണം ചെയ്യുന്നത് വെജിറ്റേറിയൻ മാത്രം,​ ബോർഡ് സ്ഥാപിച്ച് ഔട്ട്‌ലെറ്റ്

Saturday 19 July 2025 9:44 PM IST

DD

ലക്നൗ: ലോക പ്രശസ്തമായ ഭക്ഷണ വിിതരണ ശൃംഖലയാണ് കെ.എഫ്.സി. ഫ്രൈഡ് ചിക്കൻ വിഭവങ്ങളാണ് കെ.എഫ്,സിയെ പ്രശസ്തമാക്കിയത്. കെ.എഫ്.സി ഔട്ട്ലെറ്റുകളിൽ നിന്ന് ചിക്കൻ ഒഴിവാക്കാൻ പറ്റില്ലെന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ ഗാസിയാബാദിലെ കെ.എഫ്.സി ഔ‌ട്ട്‌ലെറ്റിലെ മെനുവിൽ നിന്ന് ചിക്കൻ വിഭവങ്ങൾ നീക്കം ചെയ്തുവെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.

ശ്രാവണ മാസത്തിന്റെയും കാൻവാർ യാത്രയുടെയും പശ്ചാത്തലത്തിൽ മാംസാഹാരം വിൽക്കുന്നതിനെതിരെ ഹിന്ദു രക്ഷാദൾ നടത്തിയ പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് ചിക്കൻ വിഭവങ്ങൾ ഒഴിവാക്കിയത്. ശ്രാവണ മാസത്തിന്റെ ആത്മീയ പ്രാധാന്യം കണക്കിലെടുത്ത് ഈ കാലയളവിൽ മാംസാഹാര വിഭവങ്ങൾ മെനുവിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇന്ദിരാപുരം മേഖലയിലാണ് സംഭവം. ഔ‌ട്ട്‌ലെറ്റിന്റെ ഷട്ടറുകൾ ബലമായി താഴിട്ടതായും ഗതാഗതം തടസപ്പെടുത്തിയതായും റിപ്പോ‌ർട്ടുണ്ട്. പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ ഗതാഗതം തടസപ്പെടുത്തിയതിന് കേസെടുത്തു.

അതേസമയം പ്രതിഷേധത്തിന് പിന്നാലെ കെ.എഫ്.സി ഔട്ട്ലെറ്റിൽ നിലവിൽ സസ്യാഹാരം മാത്രം ലഭ്യമാണ് എന്ന ബോർ‌ഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ റെസ്റ്റോറന്റ് അധികൃതർ തയ്യാറായിട്ടില്ല. ഔട്ട്ലെറ്റ് സസ്യാഹാരം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നതെന്ന് ഉപഭോക്താക്കളും സ്ഥിരീകരിച്ചു.