നിമിഷപ്രിയയുടെ മോചനം : യെമനിലെ സുരക്ഷ ഉറപ്പായാൽ മദ്ധ്യസ്ഥ സംഘത്തെ അയച്ചേക്കും
ആക്ഷൻ കൗൺസിൽ ഇന്ന് നിവേദനം നൽകാൻ സാദ്ധ്യത
ന്യൂഡൽഹി : നിമിഷപ്രിയയുടെ മോചനത്തിനുള്ള മദ്ധ്യസ്ഥ ചർച്ചയ്‌ക്ക് യെമനിലേക്ക് ആറംഗ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ ഇന്ന് കേന്ദ്രസർക്കാരിന് നിവേദനം നൽകിയേക്കും.
ആക്ഷൻ കൗൺസിലിൽ നിന്ന് അഡ്വ. കെ.ആർ.സുഭാഷ് ചന്ദ്രൻ, കുഞ്ഞമ്മദ് കൂരാച്ചുണ്ട്, കാന്തപുരം എ.പി അബൂബക്കർ മുസലിയാരുടെ പ്രതിനിധികളായി അഡ്വ. ഹുസൈൻ സഖാഫി, ഹാമിദ് എന്നിവരുടെ പേരുകൾ കൈമാറും. കേന്ദ്രസർക്കാർ പ്രതിനിധികളായി രണ്ടുപേർ വേണമെന്നും ആവശ്യപ്പെടും. കേന്ദ്രത്തെ സമീപിക്കാൻ സുപ്രീംകോടതി കഴിഞ്ഞദിവസം അനുമതി നൽകിയിരുന്നു. എന്നാൽ, പ്രത്യേക സംഘത്തെ നിയോഗിക്കുന്നത് സമഗ്ര സുരക്ഷാ വിലയിരുത്തലിനു ശേഷം മാത്രമായിരിക്കുമെന്നാണ് സൂചന. പ്രതിനിധികൾക്ക് യെമനിൽ സുരക്ഷ ഉറപ്പാക്കണം. അക്കാര്യത്തിൽ കേന്ദ്രത്തിന് ആശങ്കയുണ്ട്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയിലെ ജയിലിലാണ് നിമിഷപ്രിയയെ പാർപ്പിച്ചിരിക്കുന്നത്. ഇന്ത്യക്കാർക്ക് യെമനിലേക്ക് യാത്രാവിലക്കുണ്ട്. നയതന്ത്ര ഇടപെടലുകൾക്കും വിദേശകാര്യ മന്ത്രാലയത്തിന് പരിമിതികളുണ്ട്. ഹൂതികളുമായി മികച്ച ബന്ധം പുലർത്തുന്ന ഇറാന്റെ സഹായത്തിനായി ഇന്ത്യ പരിശ്രമം തുടരുന്നുവെന്നാണ് അനൗദ്യോഗിക വിവരം. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്‌ദോ മഹദിയുടെ കുടുംബവുമായി നിമിഷയുടെ കുടുംബമാണ് ചർച്ച നടത്തേണ്ടതെന്നും, ആക്ഷൻ കൗൺസിൽ അവിടെ പോയാൽ കഥമാറുമെന്ന് വിചാരിക്കുന്നില്ലെന്നും അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി സുപ്രീംകോടതിയിൽ വ്യക്തമാക്കിയത് ശ്രദ്ധേയമാണ്. അത്തരം സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ടായിരിക്കും അന്തിമ തീരുമാനം.