പന്നിയങ്കരയിൽ പ്രദേശവാസികൾക്ക് യാത്രാസൗജന്യം നൽകാതെ കമ്പനി
വടക്കഞ്ചേരി: ദേശീയപാത വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ പന്നിയങ്കര ടോൾ കേന്ദ്രത്തിൽ 7.5 കിലോമീറ്റർ പരിധിയിലുള്ളവർക്ക് യാത്രാ സൗജന്യം നൽകാമെന്ന വാക്ക് പാലിക്കാതെ കരാർ കമ്പനി. എം.പി, എം.എൽ.എ, ജില്ലാ കളക്ടർ തുടങ്ങിയവരുൾപ്പെട്ട യോഗത്തിലാണ് ടോൾ പ്ലാസയുടെ 7.5 കിലോമീറ്റർ പരിധിയിലുള്ളവർക്ക് സൗജന്യം നൽകാമെന്ന് കരാർ കമ്പനി അറിയിച്ചത്. എന്നാൽ, രേഖകൾ സമർപ്പിച്ചവരിൽ കുറച്ചുപേർക്ക് മാത്രമാണ് കരാർ കമ്പനി സൗജന്യം അനുവദിച്ചത്.
മറ്റുള്ളവരുടെ വാഹനങ്ങൾ ടോൾപ്ലാസ കടന്നു പോകുമ്പോൾ പണം നഷ്ടപ്പെടുന്നുണ്ട്. പ്രതിഷേധവുമായി എത്തുന്നവർക്ക് പണം തിരികെ നൽകുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരും ഇതിനുപിന്നാലെ പോകാറില്ല. യാത്രയ്ക്കിടെ വാഹനം നിർത്തി ടോൾ കമ്പനിയുടെ ഓഫീസിലെത്തി പരാതി പറയുക എപ്പോഴും പ്രായോഗികമല്ലെന്ന് യാത്രക്കാർ പറയുന്നു. 7.5 കിലോമീറ്റർ പരിധിയിലെ, പുതുതായി വാഹനം വാങ്ങുന്നവർ രേഖകളുമായി ടോൾ കമ്പനിയിലെത്തുമ്പോൾ രേഖകൾ വാങ്ങാതെ തിരിച്ചയക്കുകയാണ്. വിദേശത്തായതിനെ തുടർന്ന് നേരത്തേ രേഖകൾ സമർപ്പിക്കാൻ കഴിയാതിരുന്നവർ അവധിക്കെത്തിയപ്പോൾ രേഖകൾ നൽകാനെത്തുമ്പോഴും വാങ്ങാൻ കൂട്ടാക്കുന്നില്ലെന്നും പരാതിയുണ്ട്. കരാർ കമ്പനിയുടെ നടപടിക്കെതിരേ പ്രതിഷേധവും ശക്തമായിട്ടുണ്ട്.
സ്‌കൂൾ വാഹനങ്ങൾക്കും സൗജന്യമില്ല
ആഗസ്റ്റ് ഒന്നുമുതൽ സ്‌കൂൾ വാഹനങ്ങളിൽ നിന്നും നാലുചക്ര ഓട്ടോറിക്ഷകളിൽ നിന്നും ടോൾ ഈടാക്കിത്തുടങ്ങുമെന്ന് കരാർ കമ്പനി അറിയിച്ചു. നിലവിൽ താത്കാലികമായി സൗജന്യം അനുവദിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കളക്ടറേറ്റിൽ നടന്ന ചർച്ച പരാജയപ്പെട്ടതോടെയാണ് യാത്രാ സൗജന്യം പിൻവലിക്കാൻ തീരുമാനിച്ചത്. സ്‌കൂൾ വാഹനങ്ങൾക്കും നാലുചക്ര ഓട്ടോറിക്ഷകൾക്കും സൗജന്യം വേണമെന്ന് കെ.രാധാകൃഷ്ണൻ എം.പി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. പൂർണ സൗജന്യം നൽകാനാകില്ലെന്നും സ്‌കൂൾ വാഹനങ്ങൾക്ക് നിരക്കിൽ 50 ശതമാനം ഇളവും നാലുചക്ര ഓട്ടോറിക്ഷകൾക്ക് 350 രൂപയ്ക്ക് മാസ പാസ് അനുവദിക്കാമെന്നുമായിരുന്നു കരാർ കമ്പനിയുടെ നിലപാട്. സൗജന്യം വേണമെന്നാണു വാഹന ഉടമകളുടെ ആവശ്യം. ഇല്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം.