മൂന്നുമാസം റേഷൻ വാങ്ങാതെ ജില്ലയിൽ മുൻഗണനകാർഡ് നഷ്ടപ്പെട്ടവർ 7511
ആലപ്പുഴ : മുൻഗണന റേഷൻ കാർഡ് കൈവശം വച്ച് മൂന്നുമാസം തുടർച്ചയായി റേഷൻ സാധനങ്ങൾ വാങ്ങാതിരുന്നവരെ മുൻഗണനാ ലിസ്റ്റിൽ നിന്ന് പുറത്താക്കുന്ന നടപടി തുടരുന്നു. ജില്ലയിൽ 7511 പേരാണ് ഇതുവരെ ഇങ്ങനെ മുൻഗണനാ ലിസ്റ്റിൽ നിന്ന് പുറത്തായത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ മാത്രം 392 കാർഡുടമകൾ ലിസ്റ്റിൽ നിന്ന് പുറത്തായി. പുറത്താക്കപ്പെടുന്നവർക്ക് പകരം അർഹരായവരെ ലിസ്റ്റിലേക്ക് പരിഗണിക്കുകയും ചെയ്യുന്നുണ്ട്. ലിസ്റ്റിൽ നിന്ന് പുറത്തായവർ, എന്തുകൊണ്ട് റേഷൻ വാങ്ങിയില്ലെന്ന് ബോദ്ധ്യപ്പെടുത്തുന്ന മതിയായ രേഖകൾ ഹാജരാക്കിയാൽ മുൻഗണന വിഭാഗത്തിൽ തുടരാൻ സാധിക്കും.
അനർഹമായി മുൻഗണന കാർഡ് കൈവശം വച്ച് റേഷൻ വാങ്ങുന്നവർക്കെതിരെയും ശക്തമായ നടപടി ആരംഭിച്ചിട്ടുണ്ട്. അനർഹരെ കണ്ടെത്താനുള്ള പരിശോധനകൾ പ്രതിദിനം പൊതുവിതരണവകുപ്പ് നടത്തിവരികയാണ്. 1000ചതുരശ്രഅടിക്ക് മുകളിൽ വിസ്തീർണമുള്ള വീടുള്ളവർ, സർക്കാർ -അർദ്ധസർക്കാർ ജോലിയുള്ളവർ, പെൻഷൻകാർ, 25,000 രൂപക്ക് മുകളിൽ മാസവരുമാനമുള്ളവർ, വിദേശത്ത് ജോലിയുള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആദായനികുതി അടയ്ക്കുന്നവർ തുടങ്ങിയവരൊന്നും മുൻഗണനാവിഭാഗത്തിൽ ഉൾപ്പെടില്ല. ഇത് മറച്ചുവച്ച് മുൻഗണനാകാർഡുകൾ കൈവശം വച്ചവരാണ് കുടുങ്ങുക.
നടപടി തുടങ്ങിയിട്ട് നാലുവർഷം
2021 മേയ് മുതലാണ് അനർഹരെ മുൻഗണനാലിസ്റ്റിൽ നിന്ന് പുറത്താക്കൽ നടപടി സംസ്ഥാനത്ത് ആരംഭിച്ചത്
സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് പുറത്താക്കൽ
എ.എ.വൈ, പി.എച്ച്.എച്ച്, എൻ.പി.എസ് എന്നീ വിഭാഗം കാർഡുടമകളെയാണ് പുറത്താക്കിയത്
സംസ്ഥാനത്താകെ 79013 കാർഡുകൾ മുൻഗണന വിഭാഗത്തിൽ നിന്ന് പുറത്തായി
ജില്ലയിൽ ഒഴിവാക്കപ്പെട്ടവർ
പി.എച്ച്.എച്ച് : 5708
എ.എ.വൈ : 836
എൻ.പി.എസ് : 967
ആകെ: 7511
ആകെ റേഷൻ കാർഡുകൾ : 623872
എ.എ.വൈ- 38893
പി.എച്ച്.എച്ച്- 277757
എൻ.പി.എസ്- 119906
എൻ.പി.എൻ.എസ്- 186225
എൻ.പി.ഐ- 1091
ഗുണഭോക്താക്കൾ- 2253605