കരട് പ്രമേയത്തിൽ കേരള ഭരണത്തിന് പ്രാധാന്യമില്ല, ഭേദഗതിയുമായി സി.പി.ഐ സംസ്ഥാന കൗൺസിൽ

Sunday 20 July 2025 12:58 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തെക്കുറിച്ച് കരട് പ്രമേയത്തിൽ വിശദമായി പ്രതിപാദിക്കണമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലിൽ നിർദ്ദേശം.

കേരളത്തിൽ മാത്രമാണ് പാർട്ടി അധികാരത്തിലുള്ളതെങ്കിലും പാർട്ടി കോൺഗ്രസിലേക്കുള്ള കരട് രാഷ്ട്രീയ പ്രമേയത്തിൽ ഇക്കാര്യത്തിനു വേണ്ടത്ര പ്രാധാന്യമില്ലെന്നായിരുന്നു സി.പി.ഐ സംസ്ഥാന കൗൺസിലിൽ വിമർശനമുയർന്നത്. പാർട്ടി തുടർച്ചയായി 10 വർഷത്തോളമായി അധികാരത്തിലുള്ളത് കേരളത്തിൽ മാത്രമാണ്. പാർട്ടിയുടെ വളർച്ചയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഇക്കാര്യത്തിന് വേണ്ടത്ര പ്രാധാന്യം നൽകാതെപോയത് ശരിയല്ളെന്നാണ് സംസ്ഥാന കൗൺസിലിൽ ഉയർന്ന വിമർശനം.

ഇതോടെ കേരള സർക്കാരിന്റെ പ്രവർത്തനത്തെക്കുറിച്ച് കരട് പ്രമേയത്തിൽ വിശദമായി പ്രതിപാദിക്കണമെന്ന നിർദ്ദേശം ഉയർന്നുവന്നു. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശമായി ഇക്കാര്യം തയ്യാറാക്കാനുള്ള ചുമതല സംസ്ഥാന എക്സിക്യൂട്ടിവിനോട് കൗൺസിൽ നൽകി. സെക്രട്ടറി ബിനോയ് വിശ്വമാണ് നിർദ്ദേശം മുന്നോട്ടുവച്ചത്.

ക്ഷമയിലും തർക്കം

സംസ്ഥാന സെക്രട്ടറിക്കെതിരെ വിവാദ ഫോൺ സംഭാഷണം നടത്തിയ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കമലാ സദാനന്ദനും എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരനും മാപ്പ് നൽകിയത് റിപ്പോർട്ട് ചെയ്യവേ, സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വാദത്തെ തിരുത്തി സംസ്ഥാന കൗൺസിൽ അംഗം വി.എസ്.സുനിൽകുമാർ. ഇരുവർക്കും നൽകിയത് തന്റെ ഔദാര്യമാണെന്നും നടപടി വേണമെന്നായിരുന്നു എക്സിക്യുട്ടീവിന്റെ നിലപാടെന്നുമായിരുന്നു ബിനോയ് വിശ്വം റിപ്പോർട്ട് ചെയ്തത്. എന്നാൽ,​ സെക്രട്ടറിയുടെ വ്യക്തിപരമായ ഔദാര്യമല്ല ഇതെന്നും എക്സിക്യുട്ടീവിന്റെ തീരുമാനമെന്ന് തിരുത്തണമെന്നുമായിരുന്നു സുനിൽ കുമാർ നിർദ്ദേശിച്ചത്. ഇതോടെ 'പാർട്ടിയുടെ തന്നെ " എന്ന് ബിനോയ് വിശ്വം തിരുത്തുകയായിരുന്നു .