രഞ്ജിത്തിന്റെ ചെസ് അക്കാഡമി സൂപ്പർഹിറ്റ്
തിരുവനന്തപുരം: അമേരിക്കയിൽ ഫേസ്ബുക്ക് കമ്പനിയിലെ ജോലിവിട്ട് നാട്ടിലെത്തി യുവാവ് തുടങ്ങിയ ചെസ് അക്കാഡമിക്ക് വിപണി മൂല്യം 200 കോടി രൂപ. ഓൺലൈൻ ചെസ് പഠിക്കുന്നത് ലോകമെമ്പാടുമുള്ള 20,000 പേർ.
തിരുവനന്തപുരത്ത് പ്രിമിയർ ചെസ് അക്കാഡമി നടത്തുന്ന കോട്ടയം സ്വദേശി രഞ്ജിത്ത് ബാലകൃഷ്ണനാണ് മൂന്ന് കൊല്ലം കൊണ്ട് ഈ നേട്ടം കൊയ്തത്. അക്കാഡമിയിൽ പരിശീലകർ മാത്രമുണ്ട് നൂറോളം പേർ. മാസം ഒന്നര ലക്ഷം ശമ്പളം വാങ്ങുന്നവരും കൂട്ടത്തിലുണ്ട്. 50 ഓഫീസ് സ്റ്റാഫുമുണ്ട്.
മിടുക്കരായ ചെസ് താരങ്ങളെ അക്കാഡമി സ്പോൺസർ ചെയ്യുന്നു. ചെസ് ടൂർണമെന്റുകൾ നടത്തുന്നു. വലിയ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചതിൽ ആദ്യമൊക്കെ വീട്ടുകാർക്ക് വിഷമമുണ്ടായിരുന്നു. അക്കാഡമി വിജയമായതോടെ ഭാര്യ ദർശനയും മക്കൾ റിഷിത്തും റിത്വിക്കും ഹാപ്പിയാണ്.
ചെസ് കളിക്കാരനായ നാട്ടിലെ സുഹൃത്തിന് 2020ൽ കൊവിഡിൽ ജോലി പോയി. യു.എസിലിരിക്കെ 2020ൽ സുഹൃത്തിനെ പരിശീലകനാക്കി ചെറിയ രീതിയാലാണ് ഓൺലൈൻ പരിശീലനത്തിന്റെ തുടക്കം. 2022ൽ ജോലിവിട്ട് വന്നാണ് തിരുവനന്തപുരത്ത് അക്കാഡമി സ്ഥാപിച്ചത്.
പൊട്ടിയ പ്രണയം
പകർന്ന വാശി
പഠനത്തിൽ മഹാഉഴപ്പനായിരുന്നു രഞ്ജിത്ത്. എട്ടാം ക്ളാസിൽ തോറ്റു. കളിയാക്കലിന് പത്താം ക്ളാസിൽ ഡിസ്റ്റിംഗ്ഷൻ വാങ്ങി മറുപടി നൽകി. പ്രീഡിഗ്രിക്ക് എത്തിയപ്പൾ ഉഴപ്പ് വീണ്ടും തലപൊക്കി. ക്ളാസിൽ കയറാതെ കറങ്ങി നടന്നു. ഇതിനിടെ ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നി. തുറന്നു പറഞ്ഞപ്പോൾ, മുഖത്തുനോക്കി ആട്ടി. പോയി പഠിച്ച് രക്ഷപ്പെടാൻ ഉപദേശവും. പിന്നെ വാശിയായി. പാളിയ പ്രണയത്തിന് ബൈ പറഞ്ഞ് പഠനം കാര്യമായെടുത്തു. എൻജിനീയറിംഗ് കഴിഞ്ഞ് ഹൈദരാബാദിൽ ആദ്യ ജോലി. 2007ൽ അമേരിക്കയിലേക്ക്. യാഹൂവിൽ നിന്നാണ് 2016ൽ ഫേസ്ബുക്കിലേക്ക് മാറിയത്.
ചെസ് @ 1499
ചെസ് പരിശീലനം 1499 രൂപ മുതൽ പ്രിമിയർ അക്കാഡമിയിൽ ലഭിക്കും
കോളേജ് പഠനകാലത്ത് ഡോ.എ.പി.ജെ അബ്ദുൽകലാമിനോട് സംസാരിക്കാൻ കഴിഞ്ഞത് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ശക്തമാക്കി
- രഞ്ജിത്ത് ബാലകൃഷ്ണൻ,
സി.ഇ.ഒ, പ്രിമിയർ ചെസ് അക്കാഡമി