അദ്ധ്യാപികയെ സസ്പെൻഡ് ചെയ്ത് പ്രശ്നം തീർക്കാനാവില്ല: പ്രതിപക്ഷ നേതാവ്
കൊച്ചി: വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാന അദ്ധ്യാപികയെ സസ്പെൻഡ് ചെയ്തതോടെ എല്ലാം അവസാനിച്ചെന്ന് കരുതരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പറവൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മന്ത്രി മറുപടി അർഹിക്കുന്നില്ല. ഹൈടെക്ക് സ്‌കൂൾ എന്നാണ് മന്ത്രി എല്ലായിടത്തും പ്രസംഗിക്കുന്നത്. ഇതാണോ ഹൈടെക്കെന്ന് മന്ത്രിയോട് ചോദിക്കുന്നില്ല.
സംസ്ഥാനത്തെ പല സ്‌കൂളുകളും പരിതാപകരമായ അവസ്ഥയിലാണ്. തേവലക്കര സ്‌കൂളിന്റെ മോശം അവസ്ഥയ്ക്ക് എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. തന്റെ നിയോജക മണ്ഡലമായ പറവൂരിലെ എല്ലാ സ്‌കൂളുകളിലും സുരക്ഷാ ഓഡിറ്റിംഗ് നടത്തി നടപടികളെടുക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും സതീശൻ പറഞ്ഞു. കേരള സർവകലാശാലയിലെ സമരം തീർക്കാനുള്ള സർക്കാരിന്റെ നീക്കത്തെ കുറ്റപ്പെടുത്തുന്നില്ല. സർക്കാരും ഗവർണറും തമ്മിലുള്ള തർക്കത്തിൽ തടവിലാക്കപ്പെട്ടത് കുട്ടികളാണ്. ഗവർണർക്കെതിരെയാണ് സമരമെങ്കിൽ എന്തിനായിരുന്നു സർവകലാശാലകളിലെ സമരാഭാസമെന്നും അദ്ദേഹം ചോദിച്ചു.