മിഥുന്റെ മരണം, ത്രീ ഫേസ് ഇലക്ട്രിക് ലൈൻ നീക്കി

Sunday 20 July 2025 12:04 AM IST

കൊല്ലം: തേവലക്കര ബോയ്സ് എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ ജീവനെടുത്ത ക്ലാസ് മുറിക്ക് അടുത്തുള്ള ത്രീ ഫേസ് ഇലക്ട്രിക് ലൈൻ മുറിച്ചുനീക്കി. ഇന്നലെ രാത്രി ഏഴോടെയാണ് കെ.എസ്.ഇ.ബി ജീവനക്കാരെത്തി ലൈൻ മുറിച്ചുനീക്കിയത്.

40 വർഷം മുമ്പാണ് തേവലക്കര ബോയ്സ് സ്കൂൾ വളപ്പിലൂടെ സിംഗിൾ ഫേസ് വൈദ്യുതി ലൈൻ ആദ്യം സ്ഥാപിച്ചത്. 15 വർഷം മുമ്പ് ത്രീ ഫേസ് ലൈനാക്കി. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 9.15ഓടെ ഈ ത്രീ ഫേസ് ലൈനിൽ തട്ടിയാണ് മിഥുൻ ഷോക്കേറ്റ് മരിച്ചത്. തേവലക്കര ബോയ്സ് സ്കൂളിനോട് ചേർന്നുള്ള ഗേൾസ് എച്ച്.എസിലേക്കുള്ളതായിരുന്നു ലൈൻ. സമീപത്തെ മറ്റൊരു വീട്ടിലേക്കും കണക്ഷൻ നൽകിയിരുന്നു. കഴിഞ്ഞ ദിവസം ബാലാവകാശ കമ്മിഷന്റെ നേതൃത്വത്തിൽ സ്കൂളിൽ നടന്ന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഗേൾസ് സ്കൂളിലേക്കും സമീപത്തെ വീട്ടിലേക്കും യഥാർത്ഥ വഴികളിൽ തൂണുകൾ സ്ഥാപിച്ച് പുതിയ ലൈൻ സ്ഥാപിച്ച ശേഷമാണ് ലൈൻ മുറിച്ചത്.