കോർപ്പറേറ്റ് പ്രതിഭകളെ വാർത്തെടുക്കാൻ ബിസിനസ് സ്‌കൂളുമായി മുത്തൂറ്റ് ഗ്രൂപ്പ്
ആഗോള നിലവാരത്തിൽ പുതിയ ബിസിനസ് സ്‌കൂളിന് തുടക്കം
കൊച്ചി: ആഗോള കോർപ്പറേറ്റ് മേഖലയുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ മികച്ച പ്രതിഭകളെ വാർത്തെടുക്കുന്നതിന് ലക്ഷ്യമിടുന്ന മുത്തൂറ്റ് ഗ്രൂപ്പിന്റെ പുതിയ ബിസിനസ് സ്‌കൂളിന് തുടക്കമായി. മുത്തൂറ്റ് ഫിനാൻസിന്റെ മാതൃകമ്പനിയായ മുത്തൂറ്റ് ഗ്രൂപ്പിന്റെ പുതിയ സംരംഭം ഡോ. ശശി തരൂർ എം.പി. ഉദ്ഘാടനം ചെയ്തു. ധാർമികതയും സഹാനുഭൂതിയും ആഗോള ചിന്താഗതിയുമുള്ള ബിസിനസ് പ്രൊഫഷണലുകളെയാണ് ലോകത്തിനാവശ്യമെന്നും അതിനുതകുന്ന പ്രതിഭകളെ വാർത്തെടുക്കാൻ മുത്തൂറ്റ് ബിസിനസ് സ്കൂളിന് കഴിയുമെന്നും ഡോ. ശശി തരൂർ പറഞ്ഞു. മൂത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് അദ്ധ്യക്ഷത വഹിച്ചു.
കേരളത്തിലെ മുൻനിര എൻജിനീയറിംഗ് കോളേജ് ഉൾപ്പെടെ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളും മൂന്ന് ആശുപത്രികളും മുത്തൂറ്റ് ഗ്രൂപ്പിനുണ്ട്. വിദ്യാഭ്യാസ രംഗത്തെ മുത്തൂറ്റ് ഗ്രൂപ്പിന്റെ ശക്തമായ ഇടപെടലിന്റെ അടുത്ത ഘട്ടമാണ് നിയോ ടെക് ഗ്ലോബൽ കോർപ്പറേറ്റ് ബിസിനസ് സ്‌കൂൾ. പാരമ്പര്യത്തിൽ ഉറച്ചുനിന്ന് ഭാവിയിലേക്കുള്ള ഒരു ചുവടുവയ്പാണ് ബിസിനസ് സ്‌കൂളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ് ജേക്കബ്ബ് മുത്തൂറ്റ് മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർമാരായ ജോർജ് എം. ജോർജ്, ജോർജ് മുത്തൂറ്റ് ജേക്കബ്ബ്, മുത്തൂറ്റ് ബിസിനസ് സ്‌കൂൾ സ്ഥാപക ഡയറക്ടറും അകാഡമിക്‌സ് ഡീനുമായ പ്രൊഫ. ഡോ. ആനന്ദ് അഗർവാൾ, മുത്തൂറ്റ് ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്‌ടറും സി.ഒ.ഒയുമായ കെ.ആർ. ബിജിമോൻ, എം.ഐ.ടി.എസ് പ്രിൻസിപ്പൽ പി.സി. നീലകണ്ഠൻ, മുത്തൂറ്റ് ബിസനസ് സ്‌കൂൾ ഇന്റർനാഷണൽ റിലേഷൻസ് ഡീൻ പ്രൊഫ. ഡോ. ഡേവിഡ് ടെറേലാഡ്‌സേ, ഫെഡറൽ ബാങ്ക് മുൻ ചെയർമാൻ കെ.പി. പദ്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ലക്ഷ്യം
അക്കാഡമിക് മികവും വ്യവസായങ്ങളുമായുള്ള ഇടപെടലുകളും സാങ്കേതികവിദ്യയും ധാർമ്മിക നേതൃത്വവും സംയോജിപ്പിക്കുന്ന ബിസിനസ് സ്കൂളാണ് മുത്തൂറ്റ് ഒരുക്കുന്നത്
കോഴ്‌സുകൾ
ഫിൻടെക്, അനലറ്റിക്‌സ്, ഡാറ്റ സയൻസ്, എച്ച്.ആർ.എം, മെറ്റാവേഴ്‌സ് തുടങ്ങിയ സ്പെഷലൈസേഷനുകളിൽ എ.ഐ.സി.ടി.ഇ അംഗീകൃത പി.ജി.ഡി.എം(ഗ്ളോബൽ) കോഴ്സുകളാണ് തുടക്കത്തിൽ അവതരിപ്പിക്കുന്നത്. തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് അക്കാഡമിക് സെഷൻ തുടങ്ങും മുൻപ് 9 ലക്ഷം രൂപ വരെയുള്ള പ്രീ പ്ളെയ്‌സ്‌മെന്റ് ഓഫറുകൾ ലഭ്യമാക്കും