പുതിയ തന്ത്രവുമായി കെ.എസ്.ഇ.ബി , നിരക്കുകൂട്ടാൻ സോളാറും മറ
തിരുവനന്തപുരം: പുരപ്പുറ സോളാറിനെ സബ്സിഡികൊടുത്ത് കേന്ദ്ര,സംസ്ഥാന സർക്കാരുകൾ പ്രോത്സാഹിപ്പിക്കുമ്പോൾ അതിന്റെ പേരിൽ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ കെ.എസ്.ഇ.ബി നീക്കം.
സോളാർ ഇടപാട് തങ്ങൾക്ക് നഷ്ടമാണെന്നും ഇതു നികത്താൻ യൂണിറ്റിന് 19 പൈസ കൂട്ടണമെന്നുമാണ് ആവശ്യം. ഇപ്പോൾത്തന്നെ, ഉയർന്ന നിരക്ക് ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
സോളാർ വൈദ്യുതി സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റം വരുത്താൻ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ മുന്നോട്ടുവച്ച കരട് നിർദ്ദേശത്തിൻമേലുള്ള തെളിവെടുപ്പിലാണ് കെ.എസ്.ഇ.ബി നിരക്ക് വർദ്ധന ആവശ്യപ്പെട്ടത്. കമ്മിഷൻ അനുവദിച്ചാൽ വിശദമായ കണക്കുകൾ സഹിതം അപേക്ഷിക്കും. പിന്നാലെ നിരക്ക് വർദ്ധന നടപ്പാക്കും.
പകൽ സ്വീകരിക്കുന്ന സോളാർ വൈദ്യുതിക്ക് പകരം രാത്രികാലങ്ങളിൽ കൂടിയ വിലയ്ക്ക് പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതി സോളാർ ഉല്പാദകർക്ക് നൽകേണ്ടിവരുന്നെന്ന വാദമാണ് കെ.എസ്.ഇ.ബി ആവർത്തിക്കുന്നത്. ചുരുങ്ങിയത് 500 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ട്. ഇത് നികത്താതെ മുന്നോട്ടു പോകാനാകില്ലെന്നും ബോർഡ് കമ്മിഷനെ അറിയിച്ചു.
സോളാറിന്റെ പേരിലുള്ള നഷ്ടം സോളാറില്ലാത്ത മറ്റ് ഉപഭോക്താക്കളുടെ ചുമലിൽ കെട്ടിവച്ച് നിരക്ക് കൂട്ടാനുള്ള നീക്കത്തിൽ വ്യാപക എതിർപ്പുണ്ട്. സംസ്ഥാനത്ത് 98 ലക്ഷം ഗാർഹിക ഉപഭോക്താക്കളാണുള്ളത്. ഇവരിൽ രണ്ടുലക്ഷത്തോളം വീടുകളിലാണ് പുരപ്പുറ സോളാറുള്ളത്.നിരക്ക് വർദ്ധന ആവശ്യം പരിഗണിച്ചാൽ നിയമകുരുക്കുണ്ടാകാനും സാധ്യതയുണ്ട്.
നഷ്ടം നികത്താം
ബാറ്ററി സ്റ്റോറേജിൽ
# സോളാറിലൂടെ കെ.എസ്.ഇ.ബി.ക്ക് നഷ്ടമുണ്ടാകുന്നുണ്ടെങ്കിൽ അത് പരിഹരിക്കാൻ കേന്ദ്രസർക്കാർ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ ചെലവിൽ ഉണ്ടാകുന്ന നഷ്ടം വയബിലിറ്റി ഗ്യാപ്പ് ഫണ്ടിലൂടെ നികത്താനും കേന്ദ്രം പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്
# പകൽ വാങ്ങുന്ന സോളാർ എനർജി ഇതിൽ സംഭരിച്ച് രാത്രി ഉപയോഗിക്കാനാകും. ഇതിലൂടെ പുറമെ നിന്ന് വൻവിലയ്ക്ക് വാങ്ങുന്ന വൈദ്യുതി സോളാർ ഉൽപാദകർക്ക് രാത്രി നൽകേണ്ടിവരുന്ന സാഹചര്യവും നഷ്ടവും ഒഴിവാക്കാം
# സോളാർ ഇടപാടിൽ കെ.എസ്.ഇ.ബിക്കുണ്ടാകുന്ന നഷ്ടം നികത്താൻ കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്ക് സാമ്പത്തിക സഹായം നൽകാനും കഴിയും. ഓരാേ സംസ്ഥാനത്തെയും വൈദ്യുതി ഉപഭോഗത്തിൽ നിശ്ചിതശതമാനം ഹരിതവൈദ്യുതി ആയിരിക്കണമെന്ന് കേന്ദ്ര റിന്യൂവബിൾ എനർജി ഒബ്ളിഗേഷൻ നിയമം വ്യവസ്ഥചെയ്യുന്നു
# ഈ നിയമം കാരണം അദാനി പവറിൽ നിന്നും മറ്റും സോളാർ എനർജി വാങ്ങേണ്ട ബാധ്യത സംസ്ഥാനത്തുണ്ടായിട്ടുണ്ട്. പുരപ്പുറ സോളാറിനെ പ്രയോജനപ്പെടുത്തിയാൽ അത്തരം സാഹചര്യം ഒഴിവാക്കാനാവും. അതിനു പകരം നിരക്ക് വർദ്ധന ആവശ്യപ്പെടുന്നതിൽ ദുരൂഹതയുണ്ട്.