ശബരിമലയിലെ ട്രാക്ടർ യാത്ര: എ.ഡി.ജി.പി അജിത്തിന് ഡി.ജി.പിയുടെ താക്കീത് , ആവർത്തിക്കരുതെന്ന് കർശന നിർദേശം

Sunday 20 July 2025 12:07 AM IST

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ശബരിമല സന്നിധാനത്തേക്ക് ട്രാക്ടറിൽ യാത്ര ചെയ്ത എ.ഡി.ജി.പി എം.ആർ. അജിത്ത്കുമാറിന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ താക്കീത്. ചട്ടം ലംഘിച്ചെന്ന് അജിത്ത് കുമാർ സമ്മതിച്ചിരുന്നു. ഇത്തരം നടപടികൾ മേലിൽ ആവർത്തിക്കരുതെന്ന് ഡി.ജി.പി താക്കീത് നൽകി. വി.ഐ.പി സൗകര്യത്തോടെ ദർശനം നടത്തിയതിലും അജിത്തിന് വീഴ്ച പറ്റിയെന്നാണ് ഡി.ജി.പി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയ റിപ്പോർട്ടിലുള്ളത്. ഡ്രൈവറെ മാത്രം പ്രതിയാക്കി കേസെടുത്ത പൊലീസ് നടപടിയിലെ അതൃപ്തിയും ഡി.ജി.പി രേഖപ്പെടുത്തിയതായാണ് സൂചന. ഹൈക്കോടതി തിങ്കളാഴ്ച ഈ റിപ്പോർട്ട് പരിഗണിക്കും. വിഷയം ഹൈക്കോടതിയുടെ പരിഗണയിലായതിനാൽ നടപടിക്ക് ശുപാർശയില്ല. മലകയറിയപ്പോൾ കാലുവേദനയായതിനാലാണ് ട്രാക്ടറിൽ യാത്ര ചെയ്തതെന്ന് അജിത്ത് ഡി.ജി.പിക്ക് വിശദീകരണം നൽകിയിരുന്നു.

''ശബരിമലയിലെ നിയമം എല്ലാവർക്കും ബാധകമാണ്. എ.ഡി.ജി.പിക്ക് വീഴ്ച സംഭവിച്ചു. അദ്ദേഹത്തിന്റെ വിശദീകരണം അടക്കമുള്ള റിപ്പോർട്ട് സർക്കാരിന് കൈമാറി.''

-റവാഡ ചന്ദ്രശേഖർ

പൊലീസ് മേധാവി