ജുവലറികളിലെ ബാലൻസ് മെഷീൻ കൃത്യത ഒരു മില്ലി ഗ്രാമാക്കുന്നു

Sunday 20 July 2025 12:07 AM IST

സ്വർണ വ്യാപാരികൾക്ക് എതിർപ്പ്

ന്യൂഡൽഹി: ജുവലറികളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ബാലൻസ് മെഷീനുകളുടെ കൃത്യത ഒരു മില്ലിഗ്രാം ആക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം. ഇപ്പോൾ 10 മില്ലിഗ്രാം കൃത്യതയുള്ള ബാലൻസ് മെഷീനുകളാണ് ജുവലറികളിൽ ഉപയോഗിക്കുന്നത്. കേന്ദ്ര നിർദ്ദേശത്തിൽ വ്യാപാരികൾ ആശങ്ക ഉന്നയിച്ചു. തീരുമാനം നടപ്പാക്കുന്നതിനു മുന്നോടിയായി സ്വർണ വ്യാപാര അസോസിയേഷനുകളുമായി ചർച്ച ചെയ്‌തിട്ടില്ലെന്നും പെട്ടെന്ന് മാറ്റം നടപ്പാക്കാനാവില്ലെന്നും അവർ പറയുന്നു. ഒരു ജുവലറിയിൽ തന്നെ ഒന്നിലധികം മെഷീനുകളുണ്ടാകും. ഒരു വെയിംഗ് ബാലൻസിന് 25000 രൂപയ്‌ക്ക് മുകളിലാണ് വില. പുതിയ നിർദേശം കനത്ത നഷ്‌ടമുണ്ടാക്കുമെന്ന് വ്യാപാരികൾ പറയുന്നു. നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധസമരം നടത്തുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ, ട്രഷറർ സി.വി കൃഷ്ണദാസ് എന്നിവർ അറിയിച്ചു.