കുഞ്ഞുങ്ങളെ കുടുംബാന്തരീക്ഷത്തിൽ വളർത്താനാണ് ശ്രമം: മന്ത്രി വീണ
തിരുവനന്തപുരം: കുഞ്ഞുങ്ങളെ കുടുംബാന്തരീക്ഷത്തിൽ നിറുത്താനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ്. വനിതാശിശു വകുപ്പിന്റെ വിവിധ കേന്ദ്രങ്ങളിലുണ്ടായിരുന്ന 500 കുഞ്ഞുങ്ങളെ ഒറ്റ വർഷം കൊണ്ട് സ്വന്തം കുടുംബത്തിലോ ഫോസ്റ്റർ കെയറിലോ താമസിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഉജ്ജ്വലബാല്യം പുരസ്‌കാര വിതരണം നിർവഹിക്കുകയായിരുന്നു മന്ത്രി. ചൈൽഡ് ഹെൽപ് ലൈൻ (10,98) റീബ്രാന്റിംഗ് സംസ്ഥാനതല ഉദ്ഘാടനവും ബാല സംരക്ഷണ മേഖലയിൽ സംസ്ഥാനം നടത്തിയ മാതൃകാ പ്രവർത്തനങ്ങളെ സംബന്ധിച്ച് യൂണിസെഫ് സഹായത്തോടെ നിർമ്മിച്ച വീഡിയോ പ്രകാശനവും മന്ത്രി നിർവഹിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ അഡ്മിഷൻ ലഭിച്ച സർക്കാർ ഹോമിലെ ശിവയെ മന്ത്രി അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത.വി.കുമാർ,വാർഡ് കൗൺസിലർ പാളയം രാജൻ,ജോയിന്റ് ഡയറക്ടർ ശിവന്യ,എസ്.സി.പി.എസ്. പ്രോഗ്രാം മാനേജർ സോഫി ജേക്കബ് എന്നിവർ പങ്കെടുത്തു.