കല്ലമ്പലം എം.ഡി.എം.എ കേസ് : പിന്നിൽ വൻ സംഘം

Sunday 20 July 2025 1:19 AM IST

 കൂടുതൽ അറസ്റ്റിനും സാദ്ധ്യത

കല്ലമ്പലം: കല്ലമ്പലത്തെ എം.ഡി.എം.ഐ വേട്ടയ്‌ക്കു പിന്നിൽ വൻ സംഘമെന്ന് സൂചന. കസ്റ്റഡിയിൽ ലഭിച്ച പ്രതികളുമായി വർക്കല ഡിവൈ.എസ്.പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടാകാനാണ് സാദ്ധ്യത.

കഴിഞ്ഞ 9ന് രാത്രിയിലാണ് കല്ലമ്പലത്ത് മൂന്നുകോടി രൂപയുടെ എം.ഡി.എം.എയുമായി വർക്കല സ്വദേശി സൈജു എന്ന സഞ്ജു (42),ഞെക്കാട് സുദേശി നന്ദു(32),ഉണ്ണിക്കണ്ണൻ(39),പ്രമീൺ(35) എന്നിവരെ പിടികൂടിയത്. തെളിവെടുപ്പിനും ചോദ്യം ചെയ്യുന്നതിനുമായി കല്ലമ്പലം പൊലീസ് 14 ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്. അന്വേഷണം ഉടൻ പൂർത്തിയാക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നും അവർ വ്യക്തമാക്കി.

പ്രതികളെ ഐ.ബി ഉദ്യോഗസ്ഥരും

ചോദ്യം ചെയ്യും

ആർക്കുവേണ്ടിയാണ് എം.ഡി.എം.എ എത്തിച്ചതെന്നും പ്രതികളുടെ വിദേശ ബന്ധങ്ങളും ഐ.ബി തേടുന്നുണ്ട്. എം.ഡി.എം.എയും മദ്യവും കടത്താൻ വിമാനത്താവളത്തിൽ നിന്നു സഹായം ലഭിച്ചോയെന്നും പരിശോധിക്കും. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങളുടെ ഏജന്റാണോ സഞ്ജു എന്നതും സ്ഥിരീകരിക്കണം. വർക്കല,എറണാകുളം എന്നിവിടങ്ങളിലെ വിനോദസഞ്ചാര,സിനിമാ മേഖലയിലെ പ്രവർത്തകരുമായി സഞ്ജുവിനുള്ള ബന്ധത്തിലും ദുരൂഹതയുണ്ട്.

മറ്റ് ഏജൻസികളും

ഐ.ബിക്കു പിന്നാലെ കസ്റ്റംസും റവന്യൂ ഇന്റലിജൻസും അടക്കമുള്ള മറ്റ് കേന്ദ്ര ഏജൻസികളും ലഹരിക്കടത്തിന്റെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. മറ്റൊരു രാജ്യത്തിൽ നിന്ന് വിമാനത്താവളം വഴി വലിയഅളവിൽ എം.ഡി.എം.എ പുറത്തേക്കു കടത്തിയത് അതീവ ഗൗരവമായാണ് കേന്ദ്ര ഏജൻസികൾ വിലയിരുത്തുന്നത്. കേസിന്റെ വിശദാംശങ്ങൾ ഇന്റലിജൻസ് ബ്യൂറോയും തേടിയിട്ടുണ്ട്. പ്രതികളുടെ സിനിമാബന്ധങ്ങൾ,റിസോർട്ടുകൾ ഉൾപ്പെടെയുള്ള ബിനാമി ഇടപാടുകൾ എന്നിവയും പരിശോധിക്കും. സഞ്ജുവിന്റെ ഭാര്യയെ പൊലീസ് ചോദ്യം ചെയ്‌തു.