ഫിറ്റ്നസ് അറിയാൻ സർക്കാരിന്റെ നീക്കം, കെട്ടിടങ്ങളുടെ കണക്കെടുപ്പ്
പത്തനംതിട്ട : ജില്ലയിലെ സർക്കാർ കെട്ടിടങ്ങളുടെ ബലക്ഷമത പരിശോധിക്കുന്നു. സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവയുടെ കാലപ്പഴക്കവും അപകടസാദ്ധ്യതയും പരിശാേധിക്കുന്നതിന് ഉദ്യോഗസ്ഥരുടെ യോഗം അടുത്തയാഴ്ച കളക്ടറേറ്റിൽ വിളിച്ചുചേർക്കും. നിയമലംഘനം നടത്തി നിർമ്മിച്ച കെട്ടിടങ്ങളുടെ കണക്കെടുപ്പുമുണ്ടാകും. കൊല്ലം തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി സുരക്ഷിതത്വമില്ലാതെ പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ കണക്കെടുപ്പ്.
കടമ്മനിട്ട സ്കൂളിന്റെ പഴയ കെട്ടിടം തകർന്നുവീണതിനെ തുടർന്ന് ഉപയോഗമില്ലാതെ കിടക്കുന്ന സ്കൂൾ കെട്ടിടങ്ങളുടെ വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് ശേഖരിച്ചിട്ടുണ്ട്.
ജില്ലയിൽ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളിൽ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. ബലക്ഷയമുള്ളത്, ഉപയോഗശൂന്യമായത് എന്നിവയുടെ വ്യക്തമായ കണക്കുകളില്ല.
തകർച്ചാ ഭീഷണിയിൽ നിരവധി കെട്ടിടങ്ങൾ
മല്ലപ്പള്ളി പഞ്ചായത്ത് ബസ് സ്റ്റാൻഡും ഷോപ്പിംഗ് കോംപ്ളക്സും പ്രവർത്തിക്കുന്ന കെട്ടിടം കാലപ്പഴക്കത്താൽ തകർച്ചയിലാണ്. കഴിഞ്ഞമാസം കോൺക്രീറ്റ് പാളികൾ അടർന്നുവീണു.
പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനും കോടതികളും പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഭിത്തികളിൽ വിള്ളലുകൾ രൂപപ്പെട്ടിട്ട് വർഷങ്ങളായി. ചില തൂണുകൾ കോൺക്രീറ്റിൽ നിന്ന് വേർപെട്ട നിലയിലമാണ്. റാന്നിയിൽ അറുപത് വർഷം പഴക്കമുള്ള കെട്ടിടത്തിലാണ് പൊതുമരാമത്ത് ഓഫീസ് പ്രവർത്തിക്കുന്നത്.
പന്തളം നഗരസഭ ഷോപ്പിംഗ് കോംപ്ളക്സിന്റെ ഭിത്തികളിൽ വിള്ളലുകളുണ്ട്. രണ്ടു വർഷം മുൻപ് ഒരു ഭാഗം പൊളിഞ്ഞു വീണ് ഒരാൾക്ക് പരിക്കേറ്റു.
പത്തനംതിട്ട നഗരസഭ ഓഫീസ് കെട്ടിടത്തിന്റെ സിമന്റ് പാളികൾ അടർന്നുവീഴുന്നു.
ജനറൽ ആശുപത്രി ബി ആൻഡ് ബ്ളോക്ക് കെട്ടിടം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി സർജറി വിഭാഗങ്ങൾ കോന്നി മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ടെൻഡർ പൂർത്തിയായി.
അഗ്നി സുരക്ഷിയില്ലാതെ 103 കെട്ടിടങ്ങൾ
കെട്ടിടങ്ങൾക്ക് തീ പിടിച്ചാലോ തകർന്നാലോ അഗ്നിരക്ഷാ സേനയ്ക്ക് എത്താൻ മതിയായ മാർഗങ്ങളില്ലാത്ത 103 വലിയ കെട്ടിടങ്ങൾ ജില്ലയിലുണ്ട്. കളക്ടറേറ്റ്, പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി സമുച്ചയം തുടങ്ങിയവയാണ് പ്രധാന കെട്ടിടങ്ങൾ. ആറ് വർഷം മുൻപ് 83 കെട്ടിടങ്ങളുടെ പട്ടിക ഫയർഫോഴ്സ് ജില്ലാ കളക്ടർക്ക് കൈമാറിയിരുന്നു.
ബലക്ഷയമുള്ള കെട്ടിടങ്ങളുടെ പരിശാേധന നടത്തും.
എസ്.പ്രേംകൃഷ്ണൻ, ജില്ലാ കളക്ടർ
സ്കൂളുകൾ പ്രവർത്തിക്കുന്നത് ഫിറ്റ്നസ് ഉള്ള കെട്ടിടങ്ങളിലാണ്. കാലപ്പഴക്കം കാരണം ഉപയോഗിക്കാത്ത സ്കൂൾ കെട്ടിടങ്ങളുടെ കണക്കുകൾ ശേഖരിച്ചിട്ടുണ്ട്.
ബി.ആർ.അനില, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ