അയ്യന്തോളിലെ അപകടമരണം; റിപ്പോർട്ട് തേടി കളക്ടർ
തൃശൂർ: അയ്യന്തോളിലെ ബൈക്ക് യാത്രക്കാരനായ യുവാവിന്റെ മരണത്തിൽ കളക്ടർ അർജുൻ പാണ്ഡ്യൻ റിപ്പോർട്ട് തേടി. പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് എക്‌സിക്യൂട്ടീവ് എൻജിനിയറോടും മോട്ടോർ വാഹന വകുപ്പിനോടുമാണ് റിപ്പോർട്ട് തേടിയത്.
സ്വകാര്യ ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ റോഡിൽ ബൈക്ക് തെന്നി വീണ് ബസിനടിയിൽപ്പെട്ടാണ് ബാങ്ക് ജീവനക്കാരനായ ലാലൂർ ചിറമ്മൽ വീട്ടിൽ സി.സി. പോളിന്റെയും ഷേർളിയുടെയും മകൻ ഏബൽ ചാക്കോ പോൾ (34) മരിച്ചത്.
ഇന്നലെ രാവിലെ 9.04ന് ഫെഡറൽ ബാങ്കിന്റെ കുന്നംകുളം ശാഖയിൽ അസിസ്റ്റന്റ് മാനേജറായ ഏബൽ ജോലിക്ക് പോകുമ്പോഴായിരുന്നു അയ്യന്തോൾ - പുഴയ്ക്കൽ റോഡിൽ അയ്യന്തോൾ മാർക്കറ്റിന് എതിർവശത്ത് വച്ച് അപകടമുണ്ടായത്. തൃശൂരിൽ നിന്നു കുന്നംകുളത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിനടിയിലേക്ക് വീഴുകയായിരുന്നു. ബസിനെ മറികടക്കുമ്പോൾ, എതിർ ദിശയിൽ സ്‌കൂട്ടർ വന്നപ്പോൾ ബൈക്ക് നിറുത്താൻ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട് ബസിന്റെ പിൻഭാഗത്തേക്ക് ഏബൽ വീണു. ചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി.
നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേർന്ന് ഉടൻ ആംബുലൻസിൽ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുഴികൾ കാരണം അമിതവേഗം
തൃശൂർ - കുന്നംകുളം പാതയിൽ നിർമ്മാണം നടക്കുന്ന പുഴയ്ക്കൽ ഭാഗത്തും അയ്യന്തോൾ റോഡിലും വൻ കുഴികളാണ്. അതിനാൽ കൃത്യസമയത്ത് ഓടിയെത്താൻ ബസുകൾ അമിതവേഗത്തിൽ ഓടുന്നതും പതിവാണ്. റോഡിലെ കുഴികൾ കാരണമാണ് അപകടമുണ്ടായെന്ന് ആരോപിച്ച് കോൺഗ്രസ് - ബി.ജെ.പി നേതാക്കൾ റോഡിൽ കിടന്ന് പ്രതിഷേധിച്ചു. ഏറെ നേരം ഗതാഗതവും തടസപ്പെട്ടു. കെ.എസ്.ആർ.ടി.സി ബസും തടഞ്ഞു. പൊലീസ് ബലം പ്രയാേഗിച്ചാണ് കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ അടക്കമുളള നേതാക്കളെ മാറ്റിയത്. അപകടമുണ്ടാക്കിയ സ്വകാര്യ ബസും തടഞ്ഞിട്ടു. ജൂൺ 26ന് അമ്മയുമായി ക്ഷേത്രദർശനത്തിനു പോകവേ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ച സ്‌കൂട്ടർ മറിഞ്ഞ് യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചിരുന്നു. എന്നിട്ടും റോഡിലെ കുഴികൾ അടയ്ക്കാൻ മേയർ തയ്യാറായില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
കുഴികളിൽ വീണ് അപകടമുണ്ടായാൽ കേസെടുക്കും: കളക്ടർ
തൃശൂർ: ജില്ലയിൽ റോഡുകളിലെ കുഴികൾ അടിയന്തരമായി അടച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്ന് കളക്ടർ അർജുൻ പാണ്ഡ്യൻ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. റോഡിലെ കുഴികൾ മൂലം എന്തെങ്കിലും അപകടം സംഭവിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ ദുരന്തനിവാരണനിയമം പ്രകാരം നടപടി സ്വീകരിക്കും. കുറ്റകരമായ അനാസ്ഥമൂലം അപകടങ്ങൾ സംഭവിക്കുകയാണെങ്കിൽ ബി.എൻ.എസ് സെക്ഷൻ 125, 106 ഉൾപ്പെടെയുള്ള ശിക്ഷാനടപടികളുമായി മുന്നോട്ട് പോകുന്നതിന് പൊലീസിനും നിർദ്ദേശം നൽകിയതായി കളക്ടർ അറിയിച്ചു. റോഡുകളിലെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കി റോഡിലെ അപകടാവസ്ഥ ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് കളക്ടർ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.
റോഡിൽ കിടന്ന് പ്രതിഷേധം
തൃശൂർ: അയ്യന്തോൾ കുറിഞ്ഞാക്കലിൽ ബസ് കയറി ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ, കോൺഗ്രസ് - ബി.ജെ.പി നേതാക്കളും കൗൺസിലർമാരും റോഡിൽ കിടന്ന് പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. പൊലീസെത്തിയാണ് നേതാക്കളെ ബലം പ്രയോഗിച്ച് മാറ്റിയത്. എ.സി.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം എത്തി പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ, എ. പ്രസാദ്, മേഫി ഡെൽസൺ, സുനിതാ വിനു, ലാലി ജെയിംസ്, കെ.സുരേഷ്, കെ.സുമേഷ് എന്നിവരെ ബലമായി നീക്കി. കേസെടുത്തു ജാമ്യത്തിൽ വിട്ടയച്ചു. പൊതുമരാമത്ത് വകുപ്പും തൃശൂർ കോർപ്പറേഷനും മനുഷ്യ ജീവനെ വിധിക്ക് വിട്ടുകൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ ആരോപിച്ചു. ഒരു വർഷത്തിനിടയിൽ റോഡിലെ കുഴിയിൽ വീണ് മൂന്ന് ജീവനുകളാണ് നഷ്ടപ്പെട്ടതെന്നും മരിച്ച ഏബൽ ചാക്കോയുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബി.ജെ.പി റോഡ് ഉപരോധിച്ചു
അപകടത്തെ തുടർന്ന് ബി.ജെ.പി നേതാക്കളും റോഡ് ഉപരോധിച്ചു. കൗൺസിലർമാരായ എൻ. പ്രസാദ്, ഡോ. വി ആതിര, മേഖലാ പ്രസിഡന്റ് എ നാഗേഷ്, മേഖലാ വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, മണ്ഡലം പ്രസിഡന്റ് രഘുനാഥ് മേനോൻ, ജില്ലാ മീഡിയ കൺവീനർ ദിനേഷ് കുമാർ കരിപ്പേരിൽ,മുരളി നാഥ്, കൃഷ്ണ മോഹൻ, രതീഷ് കടവിൽ, ഭാഗിരഥി ചന്ദ്രൻ, രതീഷ് ചന്ദ്രൻ, സൗമ്യ അനീഷ്, ദീപ ചന്ദ്രൻ, ശ്രീജി വി മോഹൻ, ഉഷ മരുതയൂർ, സുഭാഷ്, ബാലചന്ദ്രൻ കുന്നമ്പത്ത് , സുജിത് കുമാർ എന്നിവർ നേതൃത്വം നൽകി.